ഒരുങ്ങുന്നു 'ഡിജിറ്റൽ വാർ റൂം'
text_fieldsതൃശൂർ: കോവിഡ് കാലത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് ചൂടുപകരാൻ 'ഡിജിറ്റൽ വാർ റൂം' ഒരുക്കാൻ മത്സരിച്ച് ഐ.ടി കമ്പനികൾ. പുറംപ്രചാരണങ്ങൾക്ക് നിയന്ത്രണം വന്നതോടെ സമൂഹമാധ്യമങ്ങൾ വഴിയുള്ള ഡിജിറ്റൽ മാർക്കറ്റിങ് കരാറുകൾ പാർട്ടിക്കാരിൽനിന്ന് ഏറ്റെടുക്കാനുള്ള മത്സരം കൊഴുത്തു.
പ്രചാരണം തുടങ്ങി വോട്ടെണ്ണൽ വരെയുള്ള സാങ്കേതിക സേവനങ്ങൾക്കായി 2000 മുതൽ 4000 രൂപ വരെ വിലയുള്ള ആപ്പുകളൊരുങ്ങി. ഡാറ്റ മൈനിങ് നടത്തി രണ്ട് ദിവസംകൊണ്ട് വാർഡിലെ മുഴുവൻ ജനങ്ങളുടെയും ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ, വയസ്സ്, രാഷ്ട്രീയം, മതം, തൊഴിൽ എന്നിവ തിരിച്ച് ശേഖരിക്കാനുള്ള സോഫ്റ്റ്വെയർ ഉപയാഗിച്ചാണ് ഐ.ടി കമ്പനികൾ ആപ്പുകളുമായി രംഗത്തുവന്നത്.
ഡിജിറ്റൽ വോട്ടർ പട്ടിക, വിവര ശേഖരണം, കൂട്ട എസ്.എം.എസ്, വാട്സ്ആപ് സന്ദേശങ്ങൾ, വെബ്സൈറ്റ്, ഇ-കാർഡ്, ഇലക്ഷൻ ഡി.പി മേക്കർ, ലോക്കൽ റിപ്പോർട്ടർ ആപ്, ന്യൂസ് പോർട്ടൽ വരെ നിർമിക്കാനുള്ള സാങ്കേതിക സഹായം ഒരു ആപ്പിലൂടെ സ്ഥാനാർഥിക്ക് ലഭിക്കും. മാത്രമല്ല അനൗൺസ്മെൻറുകൾ, പോസ്റ്ററുകൾ, യൂട്യൂബ് ചാനൽ, േബ്ലാഗ്, വോട്ടിങ് നില തുടങ്ങിയ സാങ്കേതിക കാര്യങ്ങൾക്ക് സഹായിക്കുന്ന സോഫ്റ്റ്വെയറുള്ള ആപ്പിന് ആവശ്യക്കാർ ഏറെയുള്ളതായി തൃശൂർ കേന്ദ്രീകരിച്ച ടോഗ്ൾ ടെക്നോളജീസ് സി.ഇ.ഒ മോജോ മോഹൻ 'മാധ്യമ'ത്തോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റും മറ്റു വിശ്വസനീയ വിവരങ്ങളും ചേർത്ത് തയാറാക്കിയാണ് പ്രവർത്തനം. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽനിന്നും ഏറെ ആവശ്യക്കാരെത്തുന്നതിനാൽ ഐ.ടി കമ്പനികൾ സന്തുഷ്ടരാണ്. സ്ഥാനാർഥിയുടെ ശബ്ദം ഫോൺകാൾ ആക്കി അയക്കുന്ന സംവിധാനം നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിരുന്നു. സ്ഥാനാർഥി ചോദ്യം ചോദിക്കുന്നതും മറുപടി നൽകുന്നതുമായുള്ള കമ്പ്യൂട്ടർ കേന്ദ്രീകൃത ഇൻററാക്ടിവ് കാളുകളും തയാറായി. ആരൊക്കെ വോട്ട് ചെയ്തു, ചെയ്തില്ല എന്നിവ പാർട്ടി തിരിച്ച് രേഖപ്പെടുത്താനുള്ള വോട്ടിങ് സ്റ്റാറ്റസ് ആപ്പും സ്ഥാനാർഥികൾക്ക് ഉപകാരപ്പെടുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.