ചുമർചിത്ര സംരക്ഷണത്തിന് നയരൂപീകരണവും ബോധവത്കരണവും വേണം- അടൂർ ഗോപാലകൃഷ്ണൻ
text_fieldsതിരുവനന്തപുരം: കേരളീയ പാരമ്പര്യത്തിൻറെ ചരിത്രശേഷിപ്പുകളായ ചുമർചിത്രങ്ങളുടെ സംരക്ഷണത്തിനായി സർക്കാർതലത്തിൽ നയരൂപീകരണവും നിയമനിർമാണവും വേണമെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സാംസ്കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ വാസ്തുവിദ്യാ ഗുരുകുലം തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന “കേരളീയ ചുമർചിത്രകല - ഇന്നലെ, ഇന്ന്, നാളെ” എന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ ചരിത്രസമ്പത്തായ ഇത്തരം ചിത്രങ്ങൾ പലയിടങ്ങളിലും നാശത്തിൻറെ വക്കിലാണ്. ഇവയെ വരും തലമുറയ്ക്കായി ശരിയായ രീതിയിൽ സംരക്ഷിക്കുന്നതിന് വിദഗ്ധരുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥതലത്തിൽ ഇടപെടൽ ഉണ്ടാവണം. ചുമർചിത്രങ്ങളുടെ ചരിത്രപ്രാധാന്യം പൊതുജനങ്ങളെ അറിയിക്കുന്നതിനായി ബോധവത്കരണശ്രമങ്ങളും ഉണ്ടാവണമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ സാംസ്കാരികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ചുമർചിത്ര കലാകാരനുമായ ഡോ. രാജൻ ഖോബ്രാഗഡേ മുഖ്യാതിഥിയായി. നാഷണൽ മ്യൂസിയം മുൻ ഡയറക്ടർ ഡോ. വേലായുധൻ നായർ, ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ, എ.എസ്.ഐ മുൻ അഡീഷണൽ ഡയറക്ടർ ഡോ. നമ്പിരാജൻ എന്നിവരെ ആദരിച്ചു. വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ഡോ. ജി. ശങ്കർ അധ്യക്ഷനായ ചടങ്ങിൽ വാസ്തുവിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ പ്രിയദർശനൻ പി.എസ്., കൺസൽറ്റൻറ് ഫാക്കൽറ്റി ശശി എടവരാട്, ഫാക്കൽറ്റി ദീപ്തി പി.ആർ., മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.
രണ്ടു ദിവസങ്ങളിലായി ചുമർചിത്രകലയുടെ വിവിധ തലങ്ങൾ സംബന്ധിച്ച് പ്രബന്ധ അവതരണങ്ങളും ഗ്രൂപ്പ് ചർച്ചകളും സെമിനാറിൽ നടക്കുന്നുണ്ട്. ഞായറാഴ്ച്ച വൈകീട്ട് നാലരക്ക് നടക്കുന്ന സമാപന സമ്മേളനം മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായിക വിധു വിൻസെൻറ്, ശ്രീ ശങ്കര സംസ്കൃത സർവകലാശാല ചുമർ ചിത്ര വിഭാഗം തലവൻ ഡോ. സാജു തുരുത്തിൽ, ഗുരുവായൂർ ചുമർചിത്ര പഠന കേന്ദ്രം മുൻ പ്രിൻസിപ്പാൾ ഡോ. കെ.യു. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.