തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദവി; നിലവിലെ സംവരണക്രമം തുടരാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനഃക്രമീകരിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ നിലവില്‍ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെയും തെരഞ്ഞെടുപ്പ് കമീഷന്‍റെയും അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.
തുടർച്ചയായി മൂന്നാം തവണയും അധ്യക്ഷ സ്ഥാനം നറുക്കെടുപ്പിലൂടെ സംവരണവിഭാഗത്തിന് ലഭിച്ചിടത്ത് അത് മാറ്റി പൊതുവിഭാഗത്തിലാക്കി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയെ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പിലാക്കിയാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം 50 ശതമാനത്തില്‍ താഴേക്ക് പോകുമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
സിംഗിൾ ബെഞ്ച് ഉത്തരവ് മൂലം കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലെയും അധ്യക്ഷപദം പുനപരിശോധിക്കേണ്ടിവരും. ജില്ലാപഞ്ചായത്തുകളിൽ പാലക്കാടും മലപ്പുറത്തും മാറ്റം വേണ്ടിവരും. ബ്ളോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മാറ്റം വേണ്ടിവരുമെന്നും ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയെ ആകെ തകിടം മറിക്കുമെന്നും കമീഷൻ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.