ബി.ജെ.പി പിന്തുണയിൽ പ്രസിഡന്റ് സ്ഥാനം; കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റിനോട് രാജിവെക്കാൻ യു.ഡി.എഫ് നിർദേശം
text_fieldsകോട്ടയം: ബി.ജെ.പി പിന്തുണയോടെ കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം നേടിയ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് തോമസ് മാളിയേക്കലിനോട് രാജി വെക്കാൻ നിർദേശം നൽകി യു.ഡി.എഫ്. ബി.ജെ.പി പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചതെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ഇടപെടൽ.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ ബി.ജെ.പി പിന്തുണച്ചതോടെ എൽ.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു. കേരള കോൺഗ്രസ് എം-സി.പി.എം ധാരണ പ്രകാരം പ്രസിഡന്റ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ എൽ.ഡി.എഫിനായിരുന്നു പഞ്ചായത്ത് ഭരണം. എൽ.ഡി.എഫിൽ കേരളാ കോൺഗ്രസിന് നാലും സി.പി.എമ്മിന് മൂന്നും അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബി.ജെ.പിക്ക് അഞ്ചും യു.ഡി.എഫിന് മൂന്നും അംഗങ്ങളുണ്ടായിരുന്നു. കേരള കോൺഗ്രസ് എം-സി.പി.എം ധാരണ പ്രകാരം കോൺഗ്രസ് എം പ്രസിഡന്റ് രാജിവെച്ച് സി.പി.എം പ്രതിനിധി തെരെഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. എന്നാൽ, നാടകീയ നീക്കത്തിലൂടെ ബി.ജെ.പി പിന്തുണയിൽ യു.ഡി.എഫ് അധികാരം നേടുകയായിരുന്നു.
കിടങ്ങൂരിലെ ബി.ജെ.പി-യു.ഡി.എഫ് സഖ്യം സംസ്ഥാന നേതൃത്വം അറിയാതെയാണെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് പ്രതികരിച്ചു. പ്രാദേശിക തലത്തിൽ മാത്രമുള്ള ധാരണയാവുമെന്നും ഇത് തിരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കൊപ്പം ഭരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബി.ജെ.പി പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചത് രാഷ്ട്രീയ നെറികേടാണെന്ന് എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു പ്രതികരിച്ചു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് മുമ്പുള്ള യു.ഡി.എഫ് റിഹേഴ്സലാണിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിലും കടുത്തുരുത്തിയിലും നടന്നതിൻ്റെ തനി ആവർത്തനമാണിത്. പുതുപ്പള്ളിയിൽ എത്തുന്ന യു.ഡി.എഫ് നേതൃത്വം കിടങ്ങൂർ ബി.ജെ.പി സഖ്യത്തിൻ്റെ രാഷ്ട്രീയം വിശദീകരിക്കാൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കിടങ്ങൂരിലെ ബി.ജെ.പി സഖ്യം; യു.ഡി.എഫിലെ മൂന്ന് അംഗങ്ങളെയും കേരള കോൺഗ്രസ് പുറത്താക്കി
കോട്ടയം: കിടങ്ങൂർ പഞ്ചായത്തിൽ ബി.ജെ.പി പിന്തുണ സ്വീകരിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗം പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും പാർട്ടിക്ക് പുറത്ത്. പ്രസിഡന്റ് തോമസ് മാളിയേക്കൽ, കുഞ്ഞുമോൾ ടോമി, സിബി സിബി എന്നിവരെയാണ് ചെയർമാൻ പി.ജെ. ജോസഫ് പുറത്താക്കിയത്. കിടങ്ങൂരിലെ ബി.ജെ.പി പിന്തുണ പുതുപ്പള്ളിയിൽ എൽ.ഡി.എഫ് പ്രചാരണായുധമാക്കുമെന്ന് കണക്കുകൂട്ടിയാണ് നേതൃത്വം ഉടൻ ഇവരെ പുറത്താക്കി മുഖം രക്ഷിച്ചത്. എൽ.ഡി.എഫിലെ മുൻധാരണപ്രകാരം കേരള കോൺഗ്രസ്-എമ്മിലെ ബോബി മാത്യു രാജിെവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫിലെ തോമസ് മാളിയേക്കൽ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. വിഷയം വിവാദമായതോടെ നടപടി തിരുത്താനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബി.ജെ.പിക്ക് വോട്ട് ചെയ്യരുത് എന്നും പി.ജെ. ജോസഫ് നിർദേശം നൽകി.
എന്നാൽ, പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയാറായില്ലെന്നുമാത്രമല്ല, ഉച്ചക്ക് നടന്ന വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് നൽകുകയും ചെയ്തു. ഇതോടെയാണ് കേരള കോൺഗ്രസ് അടിയന്തരയോഗം ചേർന്ന് പുറത്താക്കാൻ തീരുമാനിച്ചത്.
മൂന്നംഗങ്ങളാണ് യു.ഡി.എഫിന് പഞ്ചായത്തിലുള്ളത്. ഇവർ മൂവരും ജോസഫ് വിഭാഗമാണ്. ബി.ജെ.പി അഞ്ച്, കേരള കോൺഗ്രസ് ജോസഫ് മൂന്ന്, ഇടതുമുന്നണിയിൽ കേരള കോൺഗ്രസ്-എം നാല്, സി.പി.എം മൂന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. പ്രാദേശികതലത്തിലുണ്ടാക്കിയ ധാരണ സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടില്ലെന്നും പുതുപ്പള്ളിക്കുള്ള റിഹേഴ്സൽ എന്ന ആരോപണം തെറ്റാണെന്നും ജോസഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.