രാഷ്ട്രപതി നാളെ കേരളത്തിൽ
text_fieldsകൊച്ചി: നാലുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ചൊവ്വാഴ്ചയെത്തും. കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് രാഷ്ട്രപതി കേരളത്തില്‍ എത്തുന്നത്. 21ന് കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുക.
കാസര്‍കോട് ജില്ലയിലെ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം വൈകിട്ട് 6.35ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തും. 22ന് രാവിലെ 9.50 മുതല്‍ കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ നാവിക സേനയുടെ ഓപ്പറേഷനല്‍ ഡെമോന്‍സ്‌ട്രേഷന്‍ വീക്ഷിക്കും. 11.30ന് വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും. 23ന് രാവിലെ 10.20ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. അവിടെ വിവിധ പരിപാടികള്‍ക്കുശേഷം 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് മടങ്ങും.
കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണം
രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ 21ന് രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ദേശീയപാതയിലെ മീങ്ങോത്ത് മുതല്‍ ചട്ടഞ്ചാല്‍ വരെയും സംസ്ഥാന പാതയിലെ പള്ളിക്കര മുതല്‍ കളനാട് വരെയും ചട്ടഞ്ചാല്‍ മുതല്‍ മാങ്ങാട് വഴി കളനാട് വരെയുള്ള ക്രോസ് റോഡിലുമാണ് ഗതാഗത നിയന്ത്രണം. ബസ്, മറ്റ് ചെറു വാഹനങ്ങള്‍ എന്നിവ നിയന്ത്രണവിധേയമായി കടത്തി വിടും. എന്നാല്‍ അമിത ഭാരവുമായി വരുന്ന വലിയ വാഹനങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ ഇതുവഴി കടത്തി വിടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.