രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കേരളത്തിൽ 139 എം.എൽ.എമാരും േവാട്ട് രേഖപ്പെടുത്തി
text_fieldsതിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 139 എം.എൽ.എമാരും വോട്ട് േരഖപ്പെടുത്തി. 138 പേർ നിയമസഭയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ പാറയ്ക്കൽ അബ്ദുല്ല ചെന്നൈയിൽ തമിഴ്നാട് നിയമസഭയിലാണ് വോട്ട് രേഖപ്പെടുത്തിയത്. പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായതിനെതുടർന്ന് അദ്ദേഹം നിയമസഭാംഗത്വം രാജിവെച്ച വേങ്ങര സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
രാവിലെ പത്തിന് തുടങ്ങിയ പോളിങ് വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്. തുടർന്ന് മുദ്രവെച്ച ബാലറ്റ് പെട്ടി കനത്ത സുരക്ഷയിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ചു. വൈകീട്ട് 7.15നുള്ള എയർ ഇന്ത്യ വിമാനത്തിൽ ബാലറ്റ്പെട്ടി ഡൽഹിക്ക് കൊണ്ടുപോയി. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ആദ്യവോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പത്തുമണിയോടെ എത്തി ആറാമനായി വോട്ട് ചെയ്തു. രണ്ടാമനായി ഇ.പി. ജയരാജനും അദ്ദേഹത്തിന് പിറകിലായി എം. വിൻസെൻറ്, പി.ടി. തോമസ്, അനിൽ അക്കര എന്നിവരും വോട്ട് ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 10.25നും മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി പത്തരക്കും വി.എസ്. അച്യുതാനന്ദൻ 11.05നും വോട്ട് രേഖപ്പെടുത്തി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ 12 മണിക്ക് വോട്ട് രേഖപ്പെടുത്തി. ബി.ജെ.പി അംഗം ഒ. രാജഗോപാൽ 10.40നാണ് വോട്ട് ചെയ്തത്. പി.സി. ജോർജും ആദ്യ അരമണിക്കൂറിനുള്ളിൽ വോട്ട് രേഖപ്പെടുത്തി മടങ്ങി. കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ആറുപേർ കെ.എം. മാണിയുടെ നേതൃത്വത്തിൽ 12.05ന് ഒന്നിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വൈകീട്ട് മൂന്നരയോടെ എത്തിയ കെ.ജെ. മാക്സിയാണ് അവസാന വോട്ടർ.
തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിെൻറ രണ്ടാംനിലയിലെ 604ാം നമ്പർ മുറിയിലാണ് പോളിങ് ബൂത്ത് സജ്ജീകരിച്ചിരുന്നത്. ആദ്യ മണിക്കൂറിൽതന്നെ വോട്ട് രേഖപ്പെടുത്താൻ മന്ത്രിമാർ ഉൾപ്പെടെ നിയമസഭ സമാജികർ ക്യൂവിൽ നിരന്നു. മന്ത്രിമാരായ കെ.ടി. ജലീൽ, ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ തുടങ്ങിയവർ ഉൗഴം കാത്തുനിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. മുന്നിലുള്ളവർ വഴിമാറിക്കൊടുത്തതിനാൽ മുഖ്യമന്ത്രിക്ക് ക്യൂവിൽ നിൽക്കാതെ വോട്ട് ചെയ്യാനായി. കേരളത്തിലെ ഒരു എം.എൽ.എയുടെ വോട്ട് മൂല്യം 152 ആണ്. 139 എം.എൽ.എമാരുടെ വോട്ടിെൻറ ആകെ മൂല്യം 21128 ആണ്. ഇതിൽ 138 പേരുടെ വോട്ട് സാധുവായി ലഭിച്ചാൽ 20976 വോട്ട് മൂല്യം മീരാകുമാറിന് ലഭിക്കും. എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിന് ഒ. രാജഗോപാലിെൻറ വോട്ട് വഴി 152 ആയിരിക്കും ലഭിക്കുന്ന വോട്ട് മൂല്യം. വരണാധികാരികൂടിയായ നിയമസഭ സെക്രട്ടറി വി.കെ. ബാബുപ്രകാശും നിയമസഭയിലെ സെക്ഷൻ ഒാഫിസർ കൃഷ്ണനും ചേർന്നാണ് ബാലറ്റ്പെട്ടി ഡൽഹിയിൽ പാർലമെൻറ് ഹൗസിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.