തലസ്ഥാന നഗരിയിലെ മാധ്യമവേട്ട: പൊലീസ് നടപടിക്ക് മാർഗരേഖ വേണമെന്ന് ആവശ്യം; ചീഫ് ജസ്റ്റിസിന് മാധ്യമപ്രവർത്തക സംഘടനകളുടെ കത്ത്
text_fieldsന്യൂഡൽഹി: ന്യൂസ് ക്ലിക് വെബ്സൈറ്റുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകർക്കുനേരെ ഡൽഹി പൊലീസ് റെയ്ഡ് നടത്തിയ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെയും നിരവധി മാധ്യമസ്ഥാപനങ്ങളുടെയും കത്ത്.
മാധ്യമങ്ങൾക്കുനേരെയുള്ള അന്വേഷണ ഏജൻസികളുടെ അടിച്ചമർത്തൽ നടപടികൾ അവസാനിപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരുടെ പക്കൽനിന്ന് ഫോണും ലാപ്ടോപും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുക്കുന്നതിന് വ്യക്തമായ മാർഗനിർദേശം മുന്നോട്ടുവെക്കണമെന്നും കത്തിൽ അഭ്യർഥിച്ചു.
സർക്കാർപ്രേരിതമായി അന്വേഷണ ഏജൻസികൾ നടത്തുന്ന നീക്കങ്ങൾക്കെതിരെ പരമോന്നത നീതിപീഠത്തെ സമീപിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും പരിപാലിക്കണം. ഭീഷണിയുടെ മുൾമുനയിലാണ് രാജ്യത്തെ വലിയ വിഭാഗം മാധ്യമപ്രവർത്തകർ ജോലിചെയ്യുന്നത്. ഭരണഘടനയോട് ഉത്തരവാദിത്തം പറയാനുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്ന അടിസ്ഥാന സത്യം അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്തണം.
മാധ്യമപ്രവർത്തകർക്കുമേൽ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തിയിരിക്കുകയാണ്. മാധ്യമപ്രവർത്തനത്തെ ഭീകരപ്രവർത്തനമായി കാണരുത്. ഇത്തരത്തിലുള്ള പോക്ക് ഒടുവിൽ എവിടെയാണ് ചെന്നെത്തുകയെന്ന് ചരിത്രം പറഞ്ഞുതരുന്നുണ്ട്. മാധ്യമങ്ങൾക്കുനേരെ അന്വേഷണ ഏജൻസികളെ ആയുധമാക്കുന്നതിന് സമീപകാല ഉദാഹരണങ്ങൾ പലതാണ്.
രാജ്യദ്രോഹ, ഭീകരത കേസുകൾ പീഡിപ്പിക്കാനും പിടിച്ചുകെട്ടാനുമുള്ള ഉപാധികളാകുന്നു. മാധ്യമങ്ങളെ ദ്രോഹിക്കുന്നത് സമൂഹത്തിന്റെ ജനാധിപത്യ ഘടനയെത്തന്നെ ബാധിക്കും. സർക്കാറിന് ഹിതകരമല്ലാത്ത വിധത്തിൽ റിപ്പോർട്ട് ചെയ്യുന്നവരെ ക്രിമിനൽ നടപടികളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്.
മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പൻ രണ്ടു വർഷമാണ് യു.എ.പി.എ കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞത്. യു.എ.പി.എ ചുമത്തിയ സ്റ്റാൻ സ്വാമിക്ക് തടവറ മരണമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഭീകരതയെ നേരിടുന്നുവെന്ന പേരിൽ മനുഷ്യന്റെ ജീവനോട് നിസ്സംഗമായി പെരുമാറുന്നതിനെക്കുറിച്ച ഓർമപ്പെടുത്തലാണ് സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം.
മാധ്യമപ്രവർത്തകരുടെ തൊഴിൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്ന കാര്യത്തിലും അവരെ ചോദ്യം ചെയ്യുന്ന കാര്യത്തിലും വ്യക്തമായ മാർഗരേഖ ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്ന കത്ത് പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യൻ വിമൻസ് പ്രസ് കോർ, ഡൽഹി യൂനിയൻ ഓഫ് ജേണലിസ്റ്റ്സ്, ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷൻ, നാഷനൽ അലയൻസ് ഓഫ് ജേണലിസ്റ്റ്സ്, കെ.യു.ഡബ്ല്യു.ജെ, മുംബൈ പ്രസ്ക്ലബ്, ഇന്ത്യൻ ജേണലിസ്റ്റ്സ് യൂനിയൻ, ചണ്ഡിഗഢ് പ്രസ്ക്ലബ്, ഗുവാഹതി പ്രസ് ക്ലബ്, പ്രസ് അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകളുടെ പിന്തുണയോടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.