ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസിൽ സർക്കാറിൽ ഭിന്നത; കോടതി ഇടപെട്ടതോടെ സമ്മർദം മുറുകി
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കണമെന്ന ആവശ്യം വ്യാപകമാകുമ്പോഴും സർക്കാറിൽ രണ്ടഭിപ്രായം. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടിയും നിർമാതാവുമായ സാന്ദ്ര തോമസ്, നടി ഉഷ ഹസീന തുടങ്ങി പലരും നടപടിക്കായി ആവശ്യം ഉന്നയിക്കുമ്പോൾ സർക്കാർ വ്യക്തമായ തീരുമാനം പുറത്തുവിടുന്നില്ല. പരാതി കിട്ടിയാൽ കേസെടുക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ് മന്ത്രിമാർ ആവർത്തിക്കുന്നത്. റിപ്പോർട്ടിൽ നടപടിയെടുക്കാതെ സിനിമ കോൺക്ലേവ് നടത്തിയാൽ തടയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് പറഞ്ഞ് കോടതി കൂടി ഇടപെട്ടതോടെ സർക്കാറിൽ സമ്മർദമേറി. റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കാൻ നിയമമുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സർക്കാറിന് കൃത്യമായ നിലപാട് ഉണ്ടെന്ന് പറഞ്ഞ മന്ത്രി നിയമ നടപടി സ്വീകരിക്കാൻ തടസ്സമില്ലെന്ന് കൂട്ടിച്ചേർത്തു.
എന്നാൽ, പരാതി കിട്ടിയാൽ മാത്രമേ കേസെടുക്കാൻ കഴിയുകയുള്ളൂവെന്നാണ് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ പി. സതീദേവി അഭിപ്രായപ്പെടുന്നത്. പരാതി കൊടുക്കാൻ തയാറായാലേ നടപടി എടുക്കാൻ കഴിയൂ.
കക്ഷി ചേരാൻ ഹൈകോടതി നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്നായിരുന്നു വനിത കമീഷന്റെ മുൻ നിലപാട്. പരാതിക്കാർക്ക് നീതി കിട്ടാൻ സർക്കാർ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ. കേസെടുക്കാനുള്ള നിയമപരമായ സാധ്യത പരിശോധിക്കും. ആത്മധൈര്യത്തോടെ പരാതിപ്പെടാൻ ഇവിടെ നിയമ വ്യവസ്ഥ ഉണ്ടെന്ന് അവർ പറഞ്ഞു.
ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരിൽ ആരെങ്കിലുമൊരാൾ പരാതിപ്പെട്ടാൽ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്നാണ് മുൻ സാംസ്കാരിക മന്ത്രി എ.കെ. ബാലന്റെ വാദം. സർക്കാറിന് പരിമിതികളുണ്ട്. റിപ്പോർട്ട് പുറം ലോകം കാണണമെങ്കിൽ കോടതി ഇടപെടൽ വേണം. സിനിമാക്കാരെ ഭയമില്ല. ഇതിലുള്ളതൊക്കെ പുറത്തുവന്നാൽ പലരുടെയും ദാമ്പത്യത്തെ ബാധിക്കും. പൊതുസമൂഹത്തിന്റെ മുന്നിൽ നാറും. ‘നിങ്ങൾ എന്തു പറഞ്ഞാലും അതെല്ലാം ഞങ്ങൾ രഹസ്യമായി സൂക്ഷിക്കും’ എന്ന് ജസ്റ്റിസ് ഹേമ അവർക്ക് ഉറപ്പുകൊടുത്തിരുന്നു. മൊഴി പോലും പുറത്താരും അറിയില്ലെന്ന് പറഞ്ഞതോടെയാണ് പലരും കാര്യങ്ങൾ തുറന്നുപറഞ്ഞതെന്ന് എ.കെ ബാലൻ പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി (സംവിധായകൻ)
ഹേമ കമ്മിറ്റിക്ക് മുന്നിൽ വന്ന മൊഴികളും പരാതികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണ്. നിശ്ശബ്ദത ഇതിനു പരിഹാരമല്ല.
സാന്ദ്ര തോമസ് (നടി, നിർമാതാവ്)
സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണം. എല്ലാ സംഘടനകളിലും റിപ്പോർട്ടിൽ പറയുന്ന 15 അംഗ പവർ ഗ്രൂപ്പിന്റെ പ്രാതിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഉഷ ഹസീന (നടി)
പവർ ഗ്രൂപ്പുണ്ട്. കുറച്ചുപേർ മോശമായി പെരുമാറുന്നവരാണ്. റിപ്പോർട്ടിലെ കാര്യങ്ങൾ യാഥാർഥ്യമാണ്. പെൺകുട്ടികൾ പരാതി നൽകാൻ തയാറാകണം. സർക്കാർ ഇടപെടണം. ചില സംഘടനകളിൽ ഉന്നത പദവിയിലിരിക്കുന്നവർ പ്രതിസ്ഥാനത്തുണ്ട്. തനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകന് മോശമായി പെരുമാറി. പിന്നീട് അയാളുടെ സിനിമയിൽ ജോലി ചെയ്തിട്ടില്ല.
ശ്രിയ രമേശ് (നടി)
ഏതാനും ചിലർ പ്രശ്നക്കാരാണെങ്കിൽ ആ പേരിൽ വ്യവസായത്തെ മൊത്തം അധിക്ഷേപിക്കുന്നത് ശരിയല്ല. അഭ്യൂഹങ്ങൾക്ക് ഇടവരുത്താതെ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ പേരുകൾ പുറത്തുവിടണം. നടപടി എടുക്കണം. അല്ലാതെ, ഞരമ്പുരോഗികൾക്ക് എന്തു വൃത്തികേടുകളും പടച്ചുവിടാൻ അവസരം ഒരുക്കൽ അല്ലായിരുന്നു വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.