സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണം; നടപടിയെടുക്കാൻ സർക്കാറിനു മേൽ സമ്മർദം
text_fieldsതിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സമ്മർദത്തിലായി സർക്കാർ. രഞ്ജിത്ത് മോശമായി പെരുമാറി എന്നാണ് നടി വെളിപ്പെടുത്തിയത്. രഞ്ജിത്തിന്റെ പേര് സഹിതമാണ് നടി ആരോപണമുന്നയിച്ചത്. പിന്നാലെ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും സംഭവത്തിൽ പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അവർ സൂചിപ്പിച്ചു. മോശം പെരുമാറ്റം എതിർത്തതിന്റെ പേരിൽ പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാള സിനിമകളിലും പിന്നീട് അവസരം ലഭിച്ചില്ലെന്നും അവർ വെളിപ്പെടുത്തുകയുണ്ടായി.
എന്നാൽ ശ്രീലേഖയുടെ ആരോപണം രഞ്ജിത്ത് നിഷേധിക്കുകയായിരുന്നു. പാലേരി മാണിക്യത്തിന്റെ ഓഡിഷന് ശ്രീലേഖ വന്നിരുന്നുവെന്ന കാര്യം സമ്മതിച്ച രഞ്ജിത്ത് കഥാപാത്രത്തിന് അനുയോജ്യമല്ലാത്തതിനാൽ അവരെ ഒഴിവാക്കുകയായിരുന്നുവെന്നും പറഞ്ഞു. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. അതേ സമയം, സംഭവത്തെ കുറിച്ച് നടി അന്നുതന്നെ തന്നോട് പറഞ്ഞിരുന്നതായി സംവിധായകൻ ജോഷി ജോസഫ് പ്രതികരിച്ചു. ഫാദർ അഗസ്റ്റിൻ വട്ടോളി, എഴുത്തുകാരി കെ.ആർ. മീര എന്നിവർക്കും ഇക്കാര്യം അറിയാമെന്നും ജോഷി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.