അനധികൃത പ്ലാസ്റ്റിക് ഉൽപന്ന നിർമാണം തടയൽ; മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്ഥിരം സംവിധാനം വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: അംഗീകാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപന്ന നിർമാണം തടയാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ സ്ഥിരം സംവിധാനം വേണമെന്ന് ഹൈകോടതി. സ്ഥാപനങ്ങൾ അനധികൃതമായി പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, കവർ തുടങ്ങിയവ ഉൽപാദിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ തദ്ദേശ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
രജിസ്ട്രേഷനില്ലാതെ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി കെ.വി. സുധാകരൻ നൽകിയ ഹരജിയിലാണ് കോടതിയുടെ നിർദേശം. വിഷയം ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും. പരിശോധന സംവിധാനമൊരുക്കാൻ മതിയായ ജീവനക്കാരില്ലെന്ന് ഹരജി പരിഗണിക്കവേ മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും സഹായം ഇക്കാര്യത്തിൽ ആവശ്യമാണെന്നും അറിയിച്ചു.
എന്നാൽ, നടപടി സ്വീകരിക്കേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം നടപടി കാര്യക്ഷമമാകാനിടയില്ല. തുടർന്ന്, തദ്ദേശ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും സഹായമടക്കം ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന നടപടി സംബന്ധിച്ച് വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. സത്യവാങ്മൂലത്തിന്റെ പകർപ്പ് പരിസ്ഥിതി അഡീ. ചീഫ് സെക്രട്ടറിക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.