Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓൺലൈൻ അതിക്രമം തടയൽ:...

ഓൺലൈൻ അതിക്രമം തടയൽ: സംസ്ഥാന പൊലീസ് മേധാവി പുരസ്കാരം ഏറ്റുവാങ്ങി

text_fields
bookmark_border
ഓൺലൈൻ അതിക്രമം തടയൽ: സംസ്ഥാന പൊലീസ് മേധാവി പുരസ്കാരം ഏറ്റുവാങ്ങി
cancel

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പൊലീസിന് സമ്മാനിച്ചു.

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്.പി. ഹരിശങ്കർ എന്നിവർ ചേർന്നാണ് അവാർഡ് സ്വീകരിച്ചത്.

സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി നിരവധി നടപടികളാണ് കേരള പൊലീസ് കൈക്കൊണ്ടുവരുന്നത്. തട്ടിപ്പിനായി ഉപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകളും 11,999 സിംകാർഡുകളും 17,734 വെബ്സൈറ്റുകളും സൈബർ ഡിവിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സൈബർ ഫ്രോഡ് ആൻഡ് സോഷ്യൽ മീഡിയ വിങ്ങിന്റെ നേതൃത്വത്തിൽ പ്രവർത്തനരഹിതമാക്കി. 8,369 സാമൂഹ്യ മാധ്യമ പ്രൊഫൈലുകളും 537 വ്യാജ മൊബൈൽ ആപ്ലിക്കേഷനുകളും കണ്ടെത്തി നിയമനടപടി സ്വീകരിച്ചു.

വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ സാമ്പത്തികത്തട്ടിപ്പു കേന്ദ്രങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് ആൾക്കാരെ നിയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു. 51 ഏജൻറുമാരുടെ നീക്കങ്ങൾ മനസ്സിലാക്കുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ഘട്ടങ്ങളിലായി നടത്തിയ ഓപ്പറേഷൻ പി-ഹണ്ട് എന്ന പരിശോധനയിൽ 395 കേസുകൾ രജിസ്റ്റർ ചെയ്യുകയും 37 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2347 പരിശോധനകളിലായി 881 ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തത്.

ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള 1930 എന്ന ഹെൽപ് ലൈൻ നമ്പറിൽ 2023ൽ 23,748 പരാതികളാണ് ലഭിച്ചത്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 201 കോടി രൂപയിൽ 37 കോടി രൂപ വീണ്ടെടുത്തു. ഇക്കൊല്ലം ഓഗസ്റ്റ് വരെ ലഭിച്ച 27,723 പരാതികളിൽ നഷ്ടപ്പെട്ട 514 കോടി രൂപയിൽ 70 കോടി രൂപ വീണ്ടെടുക്കാൻ പൊലീസിനു കഴിഞ്ഞു.

സൈബർ മേഖലയിലെ കുറ്റാന്വേഷണമികവ് വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ആയിരത്തിൽപരം പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. സബ് ഇൻസ്പെക്ടർ, ഇൻസ്പെക്ടർ റാങ്കിലുള്ള 360 പൊലീസുകാർക്ക് മൂന്നു ഘട്ടങ്ങളിലായി പ്രത്യേക പരിശീലനം നൽകി. കേന്ദ്രസർക്കാർ നൽകുന്ന ആറുമാസം ദൈർഘ്യമുള്ള സൈബർ കമാൻഡോ കോഴ്സിലേക്ക് കേരള പൊലീസിൽ നിന്ന് 24 പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തുവെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prevention of online violence
News Summary - Prevention of online violence: State police chief received the award
Next Story