ഹോട്ടലുകളിൽ എന്ത് വിലയാ!
text_fieldsഎല്ലാ മേഖലയിലുമെന്ന പോലെ ഹോട്ടൽ മേഖലയിലും വിലക്കയറ്റം രൂക്ഷമാണ്. ഇതര ജില്ലകളെ അപേക്ഷിച്ച് തൃശൂർ ജില്ലയിൽ, പ്രത്യേകിച്ച് നഗരത്തിൽ ഇത് കൂടുതൽ പ്രകടമാണ്
തൃശൂർ: ഒരു ചായ കുടിക്കണമെങ്കിൽ കൊടുക്കണം 18 രൂപ!. തൃശൂർ കോർപറേഷൻ പരിധിയിലെ കണക്കാണ്. വലിയ ഏതോ ഹോട്ടലിലെ വില ആണെന്ന് തെറ്റിദ്ധരിക്കണ്ട. നഗരത്തിലെ സാധാരണ ഹോട്ടലിലെ വിലയാണ്. ചായയുടെ അളവും ഗുണവും ഒക്കെ സാധാരണം തന്നെ. വില മാത്രം കൂടുതൽ.
സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും സാധാരണക്കാർ ആശ്രയിക്കുന്ന കടകളിൽ 10 രൂപയോ 12 രൂപയോ ആണ് പരമാവധി ചായക്ക് വില. ഈ സ്ഥാനത്താണ് തൃശൂർ നഗരത്തിലെ മിക്ക ചായക്കടകളും 15ഉം 18 ഉം രൂപയൊക്കെ തോന്നുംപടി ഈടാക്കുന്നത്. കാപ്പിയുടെ വില പറയാതിരിക്കുന്നതാകും ഭേദം.
മിക്കയിടങ്ങളിലും 20 രൂപക്ക് മുകളിലാണ് കാപ്പിയുടെ വില. ഇതെന്താ ഇങ്ങനെ എന്നൊന്നും ചോദിക്കരുത്. കടക്കു മുന്നിൽ വില എഴുതിയ ഒരു ബോർഡ് തൂക്കിയാൽ അധികൃതരുടെ പണി തീർന്നു. പിന്നെ ചോദിക്കാനും പറയാനും ആരും വരില്ല. ഇനി അഥവാ പരാതിപ്പെടാം എന്നുവെച്ചാൽ നടപടി എടുക്കാനും അധികൃതർ തയ്യാറാവില്ല.
സാധനങ്ങൾക്ക് തോന്നുംപടി വിലയീടാക്കാം എന്നതാണ് ഇപ്പോൾ നാട്ടിലെ സ്ഥിതി. വാങ്ങുന്ന വസ്തുവിന് വിലക്കനുസരിച്ചുള്ള മൂല്യവും ഗുണവും ഉണ്ടോ എന്ന് ഉപഭോക്താവിന് പരിശോധിക്കാനും ചോദ്യം ചെയ്യാനും ഉള്ള അവസരങ്ങൾ ഇല്ലെന്നുതന്നെ പറയാം.
എല്ലാ മേഖലയിലും വിലക്കയറ്റം എന്ന പോലെ ഹോട്ടൽ മേഖലയിലും വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. ഇതര ജില്ലകളെ അപേക്ഷിച്ച് തൃശൂർ ജില്ലയിൽ, പ്രത്യേകിച്ച് നഗരത്തിൽ ഇത് കൂടുതൽ പ്രകടമാണ്.
ജോലിക്കാരില്ലാത്തത് പ്രതിസന്ധി
കുന്നംകുളം: ഹോട്ടലുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാലും സാധനങ്ങളുടെ വിലവർധനവും കണക്കിലെടുത്ത് ഭക്ഷണസാധനങ്ങളുടെ വില വർധന അനിവാര്യമാണെന്ന് ഹോട്ടലുടമകൾ. പരിചയ സമ്പന്നർ ഇല്ലാത്തതും ജീവനക്കാരുടെ കുറവും ഹോട്ടൽ മേഖലയിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ് ടി.എ. ഉസ്മാൻ പറയുന്നു.
ഈ മേഖലയിലേക്ക് ജോലിക്കാരെ കിട്ടാതെയായി. കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുന്നവർ സ്റ്റാർ ഹോട്ടലുകളിൽ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഇത്തരം സംവിധാനം നിലനിർത്തി പോകണമെങ്കിൽ സർക്കാർ തലത്തിൽ യുവാക്കൾക്ക് പരിശീലനം നൽകണം. കേരളത്തിലെത്തുന്ന കൂടുതൽ ജോലിക്കാരും ബിഹാർ, അസം എന്നിവിടങ്ങളിലുള്ളവരാണ്.
വേണ്ടത്ര ശുചിത്വ ബോധം ഇല്ലാത്തവരാണ് പലരും. ഇവരുമായി ആശയവിനിമയം നടത്താൻ സ്ഥാപന ഉടമകൾക്ക് കഴിയാതെ പോകുന്നതും ശുചിത്വ കാര്യങ്ങളിൽ പാളിച്ചകൾക്ക് കാരണമാകുന്നുണ്ട്.
സാഹചര്യങ്ങൾ പ്രതികൂലമെന്ന് ഹോട്ടൽ നടത്തിപ്പുകാർ
വടക്കാഞ്ചേരി: സാഹചര്യങ്ങൾ പ്രതികൂലമാകുകയാണെന്ന് പരമ്പരാഗത ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. പച്ചക്കറികൾക്കും മത്സ്യ- മാംസങ്ങൾക്കും വില കുതിച്ചുയരുകയാണ്. നല്ല ഭക്ഷണം ഉപഭോക്താക്കൾക്ക് വിളമ്പാൻ പറ്റാത്ത സാഹചര്യമാണ്. കൂടാതെ ജോലിക്കാർക്ക് കൂലിയും സ്ഥല വാടകയും നൽകിയാൽ കൂലില്ലെലവ് പോലും എടുക്കാൻ പറ്റാത്ത സാഹചര്യമാണ്.
ജോലിക്കാരെ പ്രതീക്ഷിച്ച് ഹോട്ടൽ നടത്താനും എറെ പ്രയാസമാണ്. നാളെ വരാമെന്ന് പറഞ്ഞ് കൂലിയും വാങ്ങി പോയാൽ, വിളിച്ചാൽ പോലും ഫോൺ എടുക്കില്ല. കൂടാതെ മുഴത്തിന് മുഴത്തിന് തട്ടുകടകളും നിരത്തുകളിൽ സുലഭമാണ്. ഉപജീവന മാർഗമാണെങ്കിലും അവയും ഹോട്ടലുകൾക്ക് വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.