നിർമാണമേഖലയെ ഞെട്ടിച്ച് വിലക്കയറ്റം
text_fieldsകൊല്ലം: ആയിരം സ്ക്വയർഫീറ്റ് വരുന്ന വീട് നിർമിക്കാൻ ആറ് മാസം മുമ്പ് കരാർ എഴുതിയിരുന്നത് 12-15ലക്ഷം രൂപക്ക്. ഇന്നത് 20ലക്ഷം കടന്നു. പറയുന്നത് ചെറുകിട കോൺട്രാക്ടർമാർ. ഈ ആറ് മാസത്തിനിടെ നിർമാണ സാമഗ്രികൾക്കുണ്ടായ വിലവർധന 30മുതൽ 40ശതമാനം വരെ.
തോന്നുംപടിയുണ്ടാക്കുന്ന ഈ വിലക്കയറ്റത്തിൽ സർക്കാർ നോക്കുകുത്തിയാകുന്നതോടെ വീടെന്ന സ്വപ്നത്തിന് പിറകെ അധ്വാനം മുഴുവൻ ചെലവാക്കുന്നവർ നിരാശയിലാണ്. 360 മുതൽ 370രൂപവരെ വിലനിന്നിരുന്ന 50കിലോ വരുന്ന സിമൻറിന് വെള്ളിയാഴ്ചത്തെ വില 480ആണ്.
ആറ് മാസത്തിനിടെ നൂറ് രൂപയിലേറെ വർധന. ഒരടിക്ക് 62 രൂപക്ക് കിട്ടിയിരുന്ന എം സാൻറ് മണലിന് ഇപ്പോഴത്തെ വില 80ഉം 82ഉം. 32രൂപക്ക് കിട്ടിയിരുന്ന മെറ്റൽ ഇപ്പോൾ കിട്ടണമെങ്കിൽ അടിക്ക് 45രൂപ കൊടുക്കണം. ഹാർഡ് വെയർ ഉൽപന്നങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രിൻറ് വിലയിൽ വൻതോതിൽ വർധനയാണ് ഉണ്ടായത്.
നാല് ലക്ഷം രൂപയുടെ ലൈഫ് ഭവനങ്ങൾ പോലും പൂർത്തിയാക്കാൻ വേറെ ബാങ്ക് ലോൺ സംഘടിപ്പിക്കേണ്ട സ്ഥിതിയിലാണ്. നിർമാണസാമഗ്രികളിൽ ഒന്നിനുപോലും വിലസ്ഥിരതയില്ലാത്ത അവസ്ഥയാണെന്ന് നിർമാണകരാറുകാർ പറഞ്ഞു. ആറ് മാസം മുമ്പ് കരാറെഴുതിയ നിർമാണങ്ങൾ എങ്ങനെ പൂർത്തീകരിക്കുമെന്ന് നിശ്ചയമില്ലാത്ത സ്ഥിതി.
പലരും വീട്ടുകാരുമായുള്ള തർക്കത്തിൽ പണി തുടരാനാകാതെ ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തി. സർക്കാർ ഇടപെട്ടില്ലെങ്കിൽ ഭവനനിർമാണമേഖല അപ്പാടെ നിശ്ചലമാകുന്ന സ്ഥിതിയിലേക്കാണ് വിലക്കയറ്റം. പാറയുൽപന്നങ്ങൾക്ക് ദിവസങ്ങൾക്കകമാണ് വിലകൂടുന്നതെന്ന് വീട് നിർമാണ കരാറുകാരനായ സതീഷ് ബാബു പറഞ്ഞു.
വിലക്കയറ്റം ചോദ്യം ചെയ്താൽ 'വേണ്ടെങ്കിൽ പൊയ്ക്കോളൂ' എന്നതാണ് ക്വാറി ഉടമകളുടെ നിലപാട്. നിർമാണ മേഖലയിലെ വിലക്കയറ്റംമൂലം പലരും വീടുപണി പകുതിയിൽ നിർത്തിയിട്ടുമുണ്ട്. ബാങ്ക് ലോണിനെ ആശ്രയിച്ച് വീടുനിർമാണം തുടങ്ങിയവരാണ് കൂടുതൽ ദുരിതത്തിലായത്. തിരിച്ചടവ് തുടങ്ങേണ്ട സമയത്തുപോലും നിർമാണം പൂർത്തിയാക്കാൻ കഴിയാതെ വന്നിരിക്കുകയാണ്.
തൊഴിലാളി ക്ഷാമവും രൂക്ഷമായി തുടരുകയാണ്.അന്തർസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുവരവിലാണ് പ്രതീക്ഷ. സർക്കാർ ഇടപെട്ടില്ലെങ്കിൽ നിർമാണമേഖലയിൽ ഗുരുതര പ്രതിസന്ധിയുണ്ടാകുമെന്ന് കരാറുകാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.