സപ്ലൈകോയിലെ വില വർധന കാലോചിത മാറ്റം; ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി ജി.ആർ. അനിൽ
text_fieldsതിരുവനന്തപുരം: സപ്ലൈകോയിലെ വില വർധന കാലോചിത മാറ്റമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. മൂന്നു മാസം കൂടുമ്പോൾ വിപണി വിലക്ക് അനുസരിച്ച് വില പുനർനിർണയിക്കും. വില വർധന ജനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കുടിശിക നൽകിയാൽ പോലും പ്രതിസന്ധി പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. വില വർധന സപ്ലൈകോയെ രക്ഷിക്കാനുള്ള ചെറിയ നീക്കമെന്നും മന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് വിലകൂട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയിട്ടുണ്ട്. 13 ഇനം സാധനങ്ങൾക്ക് നൽകി വന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത്. 2016ൽ എൽ.ഡി.എഫി ന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വലിയ വാഗ്ദാനമായിരുന്നു അടുത്ത അഞ്ച് വര്‍ഷത്തേക്ക് സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കില്ല എന്നത്. ഈ വില സ്ഥിരത നേട്ടമായി സർക്കാർ ഉയർത്തി കാട്ടിയിരുന്നു.
തുടര്‍ഭരണം ലഭിച്ച് മൂന്ന് വര്‍ഷം പിന്നിട്ട ശേഷമാണ് സപ്ലൈകോ സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവക്കാണ് വില വര്‍ധിക്കുക. വിദഗ്ധസമതി നേരത്തെ ഇതുസംബന്ധിച്ച് ശിപാർശ നൽകിയിരുന്നു.
കഴിഞ്ഞ നവംബറിൽ എൽ.ഡി.എഫ് യോഗം രാഷ്ട്രീയമായ തീരുമാനം എടുത്തിരുന്നു. വിലകൂട്ടുക അല്ലെങ്കിൽ കുടിശ്ശികയായുള്ള 3,000 കോടി നൽകുക ഇതായിരുന്നു സപ്ലൈകോ മുന്നോട്ടുവെച്ച ആവശ്യം. ഇനിമുതൽ നേരത്തെ ലഭിച്ചിരുന്ന വിലയിൽ സാധനങ്ങൾ ലഭിക്കില്ല. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില. പുതിയ ടെൻഡർ പ്രകാരം സപ്ലൈകോ ഇറക്കുന്ന സാധനങ്ങൾക്ക് പുതിയ നിരക്ക് നൽകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.