കമ്പിക്കും സിമന്റിനും വിലകൂടി: കൈപൊള്ളി നിർമാണ മേഖല
text_fieldsകാസർകോട്: കോവിഡ് ദുരിതം വിതച്ച നാളുകൾക്കു പിന്നാലെ കരകയറാനുള്ള ശ്രമം നടത്തുന്ന നിർമാണ മേഖലയെ ദുരിതത്തിലാക്കി വിലവർധന. കെട്ടിട നിർമാണ മേഖലയിലെ നിർമാണ സാധനങ്ങളുടെ വിലയാണ് അനിയന്ത്രിതമായി വർധിക്കുന്നത്.
നിലവിലുണ്ടായിരുന്ന വിലയേക്കാൾ 12 മുതൽ 22 രൂപ വരെയാണ് കമ്പിക്ക് വർധിച്ചത്. സിമൻറിന് ചാക്കൊന്നിന് 30 രൂപ മുതലാണ് വർധന. സമരം കാരണം സ്തംഭിച്ചെങ്കിലും പിന്നീട് പുനരാരംഭിച്ച കല്ല് മേഖല റവന്യൂ ഉദ്യോഗസ്ഥരുടെ ഇടപെടലോടെ വീണ്ടും സമരത്തിലാണ്. ന്യായമായ വിലക്ക് ലഭിച്ചിരുന്ന ഇ-മണലിന് കാത്തിരുന്നാൽ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനാവാത്ത സ്ഥിതിയാണെന്നും കോൺക്രീറ്റ് വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സി.ഡബ്ല്യു.എസ്.എ) നേതാക്കൾ പറയുന്നു.
ജോലി ചെയ്യാനായി അന്തർസംസ്ഥാന തൊഴിലാളികളെ ആയിരുന്നു നിർമാണ മേഖല ആശ്രയിച്ചിരുന്നത്. കോവിഡ് ഭീതിയിൽ ജോലിയില്ലാതായതോടെ ഇവരിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങി. എന്നാൽ, നിർമാണ മേഖലക്ക് ജീവൻ വെച്ചതറിഞ്ഞ് തൊഴിലാളികൾ തിരിച്ചെത്തിയെങ്കിലും വിലക്കയറ്റം കാരണം മേഖല സ്തംഭിച്ച അവസ്ഥയിലാണ്.
വിലവർധന പിടിച്ചുനിർത്താൻ സർക്കാർ മുൻകൈയെടുത്ത് നിർമാണ മേഖലയെ സംരക്ഷിക്കണം. ഇടപെടലുണ്ടായില്ലെങ്കിൽ സി.ഡബ്ല്യു.എസ്.എ സംസ്ഥാന വ്യാപകമായി സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ല പ്രസിഡൻറ് പി. ശിവാനന്ദൻ, ജില്ല സെക്രട്ടറി പി.ആർ. ശശി, ട്രഷറർ പി. സുനിൽ, നേതാക്കളായ ആർ. രാജ, ഹരീശൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.