എങ്ങോട്ടാണ് തേങ്ങേ ഈ പോക്ക്...?
text_fieldsതൊടുപുഴ: തേങ്ങ വില ഇങ്ങനെ പോയാൽ തേങ്ങാച്ചമ്മന്തിയൊക്കെ തൊട്ടുകൂട്ടുന്ന കാലം അപ്രത്യക്ഷമാകുമെന്ന കാര്യം ഉറപ്പായി. അത്രത്തോളം കുടുംബ ബജറ്റിനെ താളം തെറ്റിച്ചാണ് വില കുതിച്ചുയരുന്നത്. 70 രൂപക്കടുത്താണ് നിലവില്‍ തേങ്ങാവില. ഒരു മാസം കൊണ്ട് ഇരട്ടിയോളം വില വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഒട്ടുമിക്കയിടങ്ങളിലും 65നും 70നും ഇടയിലാണ് തേങ്ങ വില. വര്‍ധനവ് സാധാരണക്കാരെ വലക്കുകയാണ്. കാരണം അടുക്കളയില്‍ നിന്ന് ഒരു കാരണവശാലും ഒഴിവാക്കാനാവാത്ത ഒന്നാണ് തേങ്ങ. ഓണക്കാലം മുതലാണ് തേങ്ങയുടെ വിലയില്‍ വര്‍ധനവ് കണ്ടുതുടങ്ങിയത്. 35 രൂപക്കടുത്തായിരുന്ന തേങ്ങാവില ഒരു മാസക്കാലം കൊണ്ട് ഇരട്ടിയോളം ഉയര്‍ന്നു. വിലയില്‍ ഇനിയും വര്‍ധനവ് ഉണ്ടായേക്കാമെന്നും കച്ചവടക്കാര്‍ പറയുന്നു. തേങ്ങാവില വര്‍ധിച്ചതോടെ വെളിച്ചെണ്ണ വിലയും കൂടി.
വെളിച്ചെണ്ണ കിലോക്ക് 20 മുതല്‍ 30 രൂപയുടെ വരെ വില വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കൊപ്രക്കും വില വര്‍ധനവുണ്ട്. ഇത് വെളിച്ചെണ്ണയാട്ടി വില്പന നടത്തുന്ന മില്ലുടമകളെയും പ്രതിസന്ധിയിലാക്കുന്നു. നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞതാണ് വിലവർധനവിനുള്ള പ്രധാന കാരണം. തമിഴ്നാട്ടിൽ നിന്നും പാലക്കാട് ജില്ലയിലെ ചെറുകിട കർഷകരിൽ നിന്നുമാണ് ജില്ലയിൽ നാളികേരം കൂടുതലായും എത്തിയിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയുടെ വരവ് കുറഞ്ഞത് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയതായും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.