ഹൃദ്രോഗത്തിനും പാമ്പിൻവിഷത്തിനും എതിരെയുള്ള ഇൻജക്ഷന് വില കുറയും
text_fieldsപാലക്കാട്: ഹൃദ്രോഗത്തിനുള്ള ഡോബുട്ടാമൈൻ ഇൻജക്ഷന്റെ വിലപരിധി 81 ശതമാനവും പാമ്പിൻവിഷത്തിനുള്ള ആന്റി-സിറത്തിന്റെ വിലപരിധി 64 ശതമാനവും കുറക്കാൻ ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (എൻ.പി.പി.എ) ശിപാർശ ചെയ്തു. ഷെഡ്യൂൾ ചെയ്ത മരുന്നുകളുടെ സീലിങ് വിലകൾ പുതുക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് നടപടി.
ഹൃദയപേശികളെ ശക്തിപ്പെടുത്തി, ഹൃദയസ്തംഭനവും കുറഞ്ഞ രക്തസമ്മർദവും ചികിത്സിക്കുന്നതിനുള്ള മരുന്നായ ഡോബുട്ടാമൈൻ കുത്തിവെപ്പിന്റെ സീലിങ് വില 50 മില്ലിഗ്രാം പാക്കിന് 8.05 രൂപയായി കുറയും. നിലവിലെ പരിധി വില പാക്കറ്റിന് 41.64 രൂപയാണ്. പുതുക്കിയ പട്ടിക പ്രകാരം ഇതിന്റെ വിലയിൽ 80.67 ശതമാനം കുറവുവരും.
ലുപിൻ ലിമിറ്റഡ്, ട്രോക്ക ഫാർമസ്യൂട്ടിക്കൽസ്, യുണൈറ്റഡ് ബയോടെക് (പി) ലിമിറ്റഡ്, സമർത്ത് ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡ്, നിയോൺ ലബോറട്ടറീസ് എന്നിവയാണ് പ്രധാനമായും നിർമാതാക്കൾ. പാമ്പ് വിഷത്തിനുള്ള ആന്റി സിറത്തിന്റെ വില പാക്കറ്റിന് 173.57 രൂപയായി കുറയും.
ഇതിന്റെ നിലവിലെ വില പാക്കറ്റിന് 480.46 രൂപയാണ്. 63.87 ശതമാനമാണ് കുറവ് വരുക. ജുഗട്ട് ഫാർമ, ബയോളജിക്കൽ ഇ ലിമിറ്റഡ്, ട്രോയിക്ക ഫാർമസ്യൂട്ടിക്കൽസ്, ഡെപ്സൺസ് ഫാർമ എന്നിവയാണ് നിർമാതാക്കൾ. ജനറൽ അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന അട്രാക്യൂറിയം ഇൻജക്ഷൻ, പാരസെറ്റമോൾ കുത്തിവെപ്പ് 150 മില്ലിഗ്രാം, അമോക്സിസില്ലിൻ ഓറൽ ലിക്വിഡ് 250 മില്ലിഗ്രാം/5 എം.എൽ, പാക്ലിറ്റാക്സൽ കുത്തിവെപ്പ് 100 മില്ലിഗ്രാം/16.7 എം.എൽ, കുത്തിവെപ്പ് 30 മില്ലിഗ്രാം/5 എം.എൽ, ഫെനിറാമൈൻ കുത്തിവെപ്പ് 22.75 മില്ലിഗ്രാം എന്നിവയുടെ വിലയും കരടു പട്ടികയിൽ പുതുക്കി നിശ്ചയിച്ചു.
ഇവ കൂടാതെ ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിൽ (എൻ.എൽ.ഇ.എം) ചേർത്ത മറ്റു പുതിയ ഫോർമുലേഷനുകളുടെ വിലയിലും കുറവുവരും. ജീവൻ രക്ഷ മരുന്നുകളുടെ വിപണി വില പിടിച്ചുനിർത്തുക ലക്ഷ്യമിട്ടാണ് എൻ.പി.പി.എ ദേശീയ വില നിയന്ത്രണ പട്ടികയിലുള്ള മരുന്നുകളുടെ വിലക്ക് പരിധി നിശ്ചയിക്കുന്നത്. പ്രൈസ് കൺട്രോൾ ഓർഡർ പ്രകാരം 954 ഫോർമുലേഷനുകളിലായി 388 മരുന്നുകളും രണ്ട് മൃഗ വാക്സിനുകളും രണ്ട് സ്റ്റന്റുകളുമാണ് നിലവിൽ വില നിയന്ത്രണ പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.