ജനത്തിന് വീണ്ടും ദുരിതം; സപ്ലൈകോ സാധനങ്ങളുടെ വില കൂടും
text_fieldsതിരുവനന്തപുരം: വിലക്കയറ്റത്തിൽനിന്ന് സാധാരണക്കാരന് ആശ്വാസം പകർന്ന സപ്ലൈകോയിലെ സബ്സിഡി സാധനങ്ങൾക്കും ഉടൻ വില കൂടും. വെളിച്ചെണ്ണ, പയർ, മല്ലി, മുളക് തുടങ്ങി 13 ഇനങ്ങൾക്ക് സബ്സിഡി കുറച്ച് വില കൂട്ടണമെന്ന സപ്ലൈകോ ആവശ്യം ഇടതുമുന്നണി യോഗം അംഗീകരിച്ചു. 20 മുതൽ 50 ശതമാനം വരെ വർധനയാണ് സപ്ലൈകോ ആവശ്യപ്പെട്ടത്. വർധന എത്രയെന്നതടക്കം കാര്യങ്ങൾ ഭക്ഷ്യവകുപ്പ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുന്നണി കൺവീനർ ഇ.പി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇന്ധന സെസിനു പുറമെ, വെള്ളക്കരം, വീട്ടുകരം, വൈദ്യുതി നിരക്ക് എന്നിവ കുത്തനെ കൂട്ടിയതിനു പുറമെയാണ് അവശ്യസാധന വിലയും കൂട്ടുന്നത്. സപ്ലൈകോയെ ആശ്രയിക്കുന്ന സാധാരണക്കാരന്റെ കുടുംബ ബജറ്റ് ഇതോടെ താളം തെറ്റും. അവശ്യ സാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന മുദ്രാവാക്യവുമായാണ് 2016ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ സപ്ലൈകോക്ക് സബ്സിഡി ഫണ്ട് നൽകാൻ സർക്കാറിന് കഴിയാത്ത സാഹചര്യത്തിലാണ് വില വർധിപ്പിക്കുന്നത്.
വിലയിൽ കാലാനുസൃത മാറ്റമില്ലാതെ സപ്ലൈകോക്ക് മുന്നോട്ടുപോകാനാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. 2016ലെ വിലയിൽ ഇനിയും സാധനങ്ങൾ കിട്ടണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുവിപണിയിൽ 1400 രൂപ വിലവരുന്ന ഇവയെല്ലാം 756 രൂപക്ക് വിൽക്കുന്നതുവഴി കോടികളുടെ നഷ്ടമാണ് സപ്ലൈകോക്ക് ഉണ്ടാകുന്നത്. സബ്സിഡി ഇനത്തിൽ 1525.35 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ സപ്ലൈകോക്ക് നൽകാനുള്ളത്. വിതരണക്കാർക്ക് സാധനങ്ങൾ നൽകിയ വകയിൽ 600 കോടി കുടിശ്ശികയുണ്ട്. കുടിശ്ശിക തീർക്കാതെ ഇനി സാധനങ്ങൾ നൽകില്ലെന്ന നിലപാടിലാണ് വിതരണക്കാരും കമ്പനികളും.
ഇതോടെ, സംസ്ഥാനത്തെ 1500ഓളം സപ്ലൈകോ ഔട്ട് ലെറ്റുകളിൽ അരിയടക്കം സബ്സിഡി സാധനങ്ങൾ തീർന്നിട്ട് ആഴ്ചകളായി. മാസം 35-45 ലക്ഷം പേർ സബ്സിഡി സാധനങ്ങൾ വാങ്ങുന്നുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണക്ക്. അടിയന്തരമായി 1525 കോടി സർക്കാർ നൽകിയില്ലെങ്കിൽ സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കണമെന്നായിരുന്നു സപ്ലൈകോ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.