തക്കാളി മൊത്തവില 60 വരെ; വില കുതിച്ച് പച്ചക്കറികൾ
text_fieldsrepresentative image
കൊച്ചി: വിപണിയിൽ പൊന്നും വിലയിലേക്ക് തക്കാളിയുടെ കയറ്റം. അന്തർസംസ്ഥാനങ്ങളിൽ കിലോക്ക് 10 രൂപ പോലും കിട്ടാതെ കർഷകർ വഴിയിൽ തള്ളിയിരുന്ന തക്കാളിക്ക് തിങ്കളാഴ്ച കേരളത്തിലെ മൊത്ത വില കിലോക്ക് 58 മുതൽ 60 രൂപ വരെ. ചെറുകിട വ്യാപാരികൾ വിൽക്കുന്നത് 64 മുതൽ 68 വരെ രൂപക്ക്.
ഉത്തരേന്ത്യയിലും അയൽ സംസ്ഥാനങ്ങളിലും പെയ്യുന്ന കനത്ത മഴയിൽ വിള നശിക്കുന്നതും ഉയർന്ന ഡീസൽ വിലയും തക്കാളി ഉൾപ്പെടെ പച്ചക്കറികളുടെ വില കുത്തനെ ഉയർത്തി. ഏഴിനം പച്ചക്കറികൾക്ക് ഒരാഴ്ചക്കിടെ ശരാശരി 10 രൂപ വരെ വില കൂടി.
എറണാകുളം മാർക്കറ്റിൽ തിങ്കളാഴ്ച സവാളയുടെ മൊത്ത വില 35 രൂപ. ചെറുകിട മേഖലയിൽ വിറ്റത് 40 രൂപക്ക്. ഉരുളക്കിഴങ്ങ് മൊത്തവില 25 രൂപയിൽനിന്ന് 30 രൂപയിൽ എത്തി. ചെറുകിട മേഖലയിൽ ഉരുളക്കിഴങ്ങ് വിൽക്കുന്നത് 40 രൂപക്ക്. രണ്ടാഴ്ച മുമ്പ് ഒരു ചാക്ക് ഉരുളക്കിഴങ്ങ് 1200 രൂപക്ക് വിറ്റിരുന്നത് ഇപ്പോൾ 1900 രൂപയിൽ എത്തി. ഉള്ളി മൊത്ത വില 25-30 രൂപയിൽ നിന്ന് 35-40 രൂപക്ക് മേൽത്തരം ഇനത്തിന് വില ഉയർന്നു. കിലോക്ക് 48 രൂപ വരെ കൊടുത്താലാണ് വീട്ടിലേക്ക് വാങ്ങാനാകുക.
പച്ചമുളകാണ് ദീപാവലി കഴിഞ്ഞ ദിവസം സാധാരണക്കാരെ ഏറ്റവും കൂടുതൽ എരിയിച്ചത്. ഒറ്റ ദിനം കൊണ്ട് 25 രൂപയിൽ നിന്ന് 40-45 രൂപയിേലക്ക് മൊത്ത വില ഉയർന്നു. തിങ്കളാഴ്ച വന്ന ലോഡുകളിൽ മൊത്ത വില 28-30 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്. എങ്കിലും ചെറുകിട കച്ചവടക്കാർ വിൽക്കുന്നത് 40 രൂപക്കാണ്.
ഒരുകിലോക്ക് 80 രൂപ മൊത്ത വിലയിട്ടുവന്ന മല്ലിയിലയിൽ 50 കിലോ വരെ കഴിഞ്ഞ ദിവസം ചീഞ്ഞുപോയിട്ടുണ്ടെന്ന് എറണാകുളം പച്ചക്കറി മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹി എൻ.എച്ച്. ഷമീദ് ചൂണ്ടിക്കാട്ടി. മല്ലിയില 90-100 രൂപക്കാണ് ചെറുകിട മേഖലയിൽ വിൽക്കുന്നത്. കാരറ്റിന് മൊത്ത വില ശരാശരി 40 രൂപയിൽ നിന്ന് 55-60 രൂപയിലേക്ക് എത്തി. ഇത് ചെറുകിട മേഖലയിൽ വിൽക്കുന്നത് 70 രൂപക്കാണ്.
കാബേജ് മൊത്ത വില 20 രൂപയിൽ നിന്ന് 30 രൂപയായി. കടകളിലെ വില 40 രൂപയും. കോളിഫ്ലവർ മൊത്തവില 30-35 രൂപയിൽ നിന്ന് ഉയർന്നത് 45-50 രൂപയിലേക്കാണ്.
ഡീസലിന് കേന്ദ്രവും സംസ്ഥാനങ്ങളും എക്സൈസ് നികുതി കുറച്ചത് ഉടനെയൊന്നും വിപണിയിൽ പ്രതിഫലിക്കില്ലെന്നാണ് വ്യാപാരികൾ അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മഴയും വിളനാശവുമാണ് വില്ലൻ. ഒപ്പം നികുതി കുറച്ചിട്ടും ഡീസൽ വില ലിറ്ററിന് 80 രൂപക്ക് മുകളിൽ തന്നെയാണ് ഇപ്പോഴും.
കുറഞ്ഞ ലോഡ് പച്ചക്കറികളാണ് കേരളത്തിലേക്ക് എത്തുന്നത്. ഇത് വിപണയിലെ ആവശ്യകതയെക്കാൾ കുറവാണ്. വില വർധിക്കാൻ ഇതും കാരണമായി. കോവിഡിന് മുമ്പ് പ്രതിദിനം 20 -25 ലോഡ് പച്ചക്കറികൾ എറണാകുളം മാർക്കറ്റിൽ എത്തിയിരുന്നത് ലോക് ഡൗണിന് ശേഷം 14 -15 ലോഡുകളിലേക്ക് ചുരുങ്ങി. നിലവിൽ 10 മുതൽ 12 ലോഡ് വരെ മാത്രമാണ് പച്ചക്കറി ലോഡ് എത്തുന്നത്. പുറമെ, ദിനംപ്രതി നാല് -അഞ്ച് ലോഡ് സവാളയും 10 മുതൽ 15 ലോഡ് വരെ പച്ചക്കായയും എത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.