വിലയിടിവ്, കണ്ണീരുണങ്ങാതെ കർഷകർ
text_fieldsനാദാപുരം: വിളകളുടെ തുടർച്ചയായ വിലയിടിവിൽ പിടിച്ചുനിൽക്കാനാവാതെ കർഷകർ. വിപണിയിൽ എല്ലാ കാർഷികോൽപന്നങ്ങൾക്കും വിലയിടിഞ്ഞപ്പോൾ അടുത്ത കാലം വരെ കുരുമുളക്, കൊട്ടടക്ക എന്നിവക്ക് ഭേദപ്പെട്ട വില ലഭിച്ചിരുന്നത് കർഷകർക്ക് ആശ്വാസമായിരുന്നു. എന്നാൽ, ഈ സീസണിൽ ഇവ രണ്ടിനും കനത്ത വിലയിടിവാണ് നേരിടുന്നത്. ക്വിന്റലിന് 800 മുതൽ 1000 രൂപയുടെ വരെ കുറവാണ് അടുത്തിടെയായി അടക്കക്ക് ഉണ്ടായത്. ഈ വർഷം കുരുമുളകിന് മെച്ചപ്പെട്ട വിളവുണ്ടായത് കർഷകർക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, വില ഗണ്യമായി താഴേക്കു പോയത് കർഷകരെ നിരാശയിലാഴ്ത്തി.
ഉണ്ടക്കൊപ്ര വില താഴ്ന്ന നിലയിൽനിന്നും ചെറുതായൊന്ന് ഉയർന്നെങ്കിലും വീണ്ടും പഴയനിലയിലേക്കു താഴ്ന്നു. കശുവണ്ടി തുടക്കത്തിൽ നില മെച്ചപ്പെടുത്തിയെങ്കിലും നിലവിൽ വില താഴോട്ടുതന്നെയാണ്. കർഷകരുടെ ഒരു ഉൽപന്നത്തിനും വിലയില്ല. അനുദിനം വില കുറഞ്ഞുകൊണ്ടിരിക്കുന്നതും കാർഷിക മേഖലയെ തകിടംമറിച്ചു.
ന്യായമായ താങ്ങുവില നൽകി നാളികേരമടക്കമുള്ള വിളകൾ ശരിയായ രീതിയിൽ സംഭരിക്കണമെന്ന കർഷകരുടെ ആവശ്യം സർക്കാർ മുഖവിലക്കെടുക്കുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം. കർഷകരുടെ രക്ഷക്കെത്താൻ സർക്കാർ ഇനിയും അമാന്തിച്ചാൽ വൻ ദുരന്തമായിരിക്കും അഭിമുഖീകരിക്കേണ്ടി വരുകയെന്ന് സ്വതന്ത്ര കർഷകസംഘം നേതാക്കളായ നസീർ വളയം, അബ്ദുല്ല വല്ലൻകണ്ടത്തിൽ, എ.കെ.ടി. കുഞ്ഞമ്മദ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.