വിലക്കയറ്റം: സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് വെൽഫെയർ പാർട്ടി
text_fieldsസംസ്ഥാനത്ത് പൊതു വിപണിയിൽ അവശ്യ സാധനങ്ങൾക്കുൾപ്പെടെ എല്ലാ ഇനങ്ങൾക്കും വൻ വിലക്കയറ്റമായിട്ടും ഒന്നും ചെയ്യാതെ സർക്കാർ നിഷ്ക്രിയ നിലപാട് സ്വീകരിക്കുകയാണെന്നും രൂക്ഷമായ വിലവർധന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ വിപണിയിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു.
നികുതി വർദ്ധന നടപ്പാക്കിയും പിഴകൾ ഈടാക്കിയും ജനങ്ങളെ പിടിച്ചുപറിക്കലാണ് തങ്ങളുടെ ദൗത്യം എന്നാണ് ഇടതു സർക്കാർ കരുതുന്നത്.
അരി, പച്ചക്കറി, വെളിച്ചെണ്ണ, മത്സ്യം , മാംസം, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീത വിലക്കയറ്റത്തിലൂടെ ജനജീവിതം ദു:സഹമായിട്ടും കേവല പ്രഖ്യാപനങ്ങൾക്കപ്പുറം ജനങ്ങൾക്ക് ആശ്വാസകരമാകുന്ന ഫലപ്രദമായ ഒരു നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
സബ്സിഡി സാധനങ്ങൾ
ഒഴികെയുള്ള അവശ്യസാധനങ്ങൾക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഒന്നരയാഴ്ച മുമ്പുള്ളതിനെക്കാൾ വർധിച്ച വിലയാണ് സപ്ലൈകോയിൽ ഇപ്പോൾ സബ്സിഡി ഇതര സാധനങ്ങൾക്കുള്ളത്.
സബ്സിഡി നിരക്കിൽ വിൽക്കുന്ന സാധനങ്ങൾ മിക്ക ഔട്ട്ലറ്റുകളിലും പരിമിതവുമാണ്. ഈമാസം സ്റ്റോക്ക് എത്തിയിട്ടുമില്ല. .
വിലക്കൂടുതലെന്ന ആക്ഷേപം മറികടക്കാൻ കുറഞ്ഞ എണ്ണം സബ്സിഡി ഇനങ്ങളുടെ വില സ്ഥിരമായി നിർത്തി മറ്റ് സാധങ്ങളുടെ വില വർധിപ്പിക്കുന്ന രീതിയാണ് സപ്ലൈക്കോ നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം കൂടുതലുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തി കൂടുതൽ സാധനങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നതിന് സർക്കാർ തയ്യാറാകണം. സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ കൂടുതൽ സാധനങ്ങൾ കൂടുതൽ അളവിൽ സബ്സിഡി നിരക്കിൽ നൽകുന്നതിന് സർക്കാർ നയപരമായ തീരുമാനം എടുക്കണം. തടസ്സം കൂടാതെ സ്റ്റോക്കുകൾ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഭക്ഷ്യവസ്തുക്കളും മറ്റ് ആവശ്യ സാധനങ്ങളും നിയന്ത്രിത വിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഹോർട്ടികോർപ് , സപ്ലൈകോ എന്നിവയുടെ താൽക്കാലിക മൊബൈൽ ഔട്ട്ലെറ്റുകൾ പഞ്ചായത്ത് തേറും ആരംഭിക്കണം - അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിന്റെ ഉത്തരവാദിത്ത രാഹിത്യത്തിനെതിരെ വെൽഫെയർ പാർട്ടി വരും ദിവസങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.