വിലക്കയറ്റത്തിൽ സർക്കാർ നോക്കുകുത്തി, ജനങ്ങൾക്കുമേൽ ഇരട്ടിദുരിതം അടിച്ചേൽപ്പിക്കുന്നുവെന്ന് നിയമസഭയിൽ പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ നിയമസഭയിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാത്ത സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.സി വിഷ്ണുനാഥ് ആരോപിച്ചു.
വിപണി ഇടപെടൽ നടത്താതെ ജനങ്ങൾക്കുമേൽ ഇരട്ടി ദുരിതം അടിച്ചേൽപ്പിക്കുകയാണ്. സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ല. സപ്ലൈകോയെ സർക്കാർ ദയാവധത്തിന് വിട്ടിരിക്കുകയാണ്. വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
വിലക്കയറ്റം സംബന്ധിച്ച പ്രതിപക്ഷ ആരോപണം തള്ളിയ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ, പൊതുവിതരണ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് പറഞ്ഞു. വിലക്കയറ്റം രാജ്യവ്യാപകമാണ്. സംസ്ഥാനത്ത് വിലക്കയറ്റം തടയാൻ ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. പൊതുവിതരണ രംഗത്ത് കേരളത്തിന് പുറത്ത് മെച്ചപ്പെട്ട ഒരു മാതൃക പ്രതിപക്ഷത്തിന് കാണിച്ചു തരാൻ സാധിക്കുമോ എന്ന് മന്ത്രി ചോദിച്ചു.
കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ തക്കാളി ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലക്കാണ് കേരളത്തിൽ സപ്ലൈകോ വഴി വിൽക്കുന്നത്. സപ്ലൈകോയെ അടച്ചാക്ഷേപിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് മന്ത്രി ചോദിച്ചു. 2016 മുതൽ 12000 കോടിയോളം രൂപയാണ് പൊതുവിപണിയിൽ ഇടപെടാനും സബ്സിഡിക്കുമായി സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി.
വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. വിപണിയിൽ ഇടപെടൽ നടത്തി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി.
ചെറുപയറിന് സപ്ലൈകോയിൽ 74 രൂപയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, പൊതുവിപണിയിൽ 120 രൂപയാണ് വില. അതുപോലെ സപ്ലൈകോയിൽ ഉഴുന്നുപരപ്പിന് 66ഉം കടലക്ക് 43ഉം വൻപയർ 45ഉം മുളകിന് 75ഉം രൂപയാണെങ്കിൽ പൊതുവിപണിയിൽ യഥാക്രമം 130, 160, 120, 320 രൂപയുമാണ്. സാധനങ്ങൾക്ക് ഇരട്ടിയും മൂന്നിരിട്ടിയുമാണ് പൊതുവിപണിയിലെ വില. നെടുമങ്ങാട് സപ്ലൈകോ പീപ്പിൾ ബസാറിൽ മുളക്, വൻപയർ, കടല, ഉഴുന്ന് എന്നിവ ലഭ്യമല്ല.
സപ്ലൈകോ സാധനം വാങ്ങിച്ചതിന്‍റെ പണം കൊടുക്കാനുണ്ട്. അതിനാൽ, കരാറുകാർ സാധനം നൽകുന്നില്ല. അതിനാൽ, പണം സർക്കാർ നൽകണം. ഓണത്തിന് മുമ്പ് സപ്ലൈകോക്ക് 700 കോടി രൂപയുടെ ആവശ്യമുണ്ട്. കരാറുകാർക്ക് കൊടുക്കാൻ 600 കോടി രൂപയുണ്ട്. 1300 കോടി ആവശ്യമുള്ള സപ്ലൈകോക്ക് സാധനം വാങ്ങിക്കാൻ സർക്കാർ 70 കോടി മാത്രമാണ് അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഭക്ഷ്യമന്തിയുടെ വിശദീകരണത്തെ തുടർന്ന് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.