വില കുതിച്ചുയരുന്നു; നിർമാണമേഖല പ്രതിസന്ധിയിൽ
text_fieldsകൊച്ചി: നിർമാണവസ്തുക്കളുടെ വില കുതിച്ചുയർന്നതിനൊപ്പം കെട്ടിട നിർമാണ പെർമിറ്റ് -ലൈസൻസ് ഫീ കൂടി വർധിച്ചതോടെ നിർമാണമേഖലയിൽ വൻ പ്രതിസന്ധി. കഴിഞ്ഞ ഏപ്രിൽ മുതൽ ഒരു വർഷത്തിനിടെ, നിർമാണവസ്തുക്കളായ മെറ്റൽ, നിർമിത മണൽ എന്നിവയുൾെപ്പടെ മിക്കവയുടെയും അടിസ്ഥാനവില 40 ശതമാനം വരെ ഉയർന്നു.
ഭീമമായ വിലവർധനയുണ്ടായതോടെ കെട്ടിട നിർമാണത്തിൽ ഒരു ച.അടിക്ക് 300 രൂപയോളമാണ് അധിക ബാധ്യത. 1000 ച.അടി വീട് നിർമിക്കാൻ മൂന്ന് ലക്ഷത്തോളം രൂപയുടെ അധിക ബാധ്യതയാണ് ഉപഭോക്താവിന് സഹിക്കേണ്ടിവരുന്നതെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ജോളി വർഗീസ് പറയുന്നു.
2022 ഏപ്രിലിൽ 20 എം.എം വലുപ്പമുള്ള മെറ്റലിന് ക്യുബിക് അടിക്ക് 50 രൂപയാണ് ഉണ്ടായിരുന്നത്. ഇന്ന് അത് 72 രൂപയായി. ഒരു വർഷം കൊണ്ട് 44 ശതമാനത്തോളം വർധിച്ച് 22 രൂപയുടെ ബാധ്യതയുണ്ടായി.
മെറ്റൽ വില വർധിക്കുന്നതോടെ കോൺക്രീറ്റിന് വരുന്ന ചെലവും കൂടും. കട്ടകെട്ടാൻ ഉൾെപ്പടെ മെയിൻ സെന്ററിങ്ങിന് ഉപയോഗിക്കുന്ന എം. സാൻഡിന്റെ വില 57 രൂപയിൽനിന്ന് 78ലേക്ക് ഉയർന്നു. 36.8 ശതമാനമാണ് വർധന. കൂടിയത് 21 രൂപ.
തേപ്പിന് ഉപയോഗിക്കുന്ന മണലിന്റെ (പ്ലാസ്റ്ററിങ് സാൻഡ്) ക്യുബിക് അടിയുടെ വില 63ൽനിന്ന് 82 രൂപയായി ഉയർന്നു. 30 ശതമാനം വർധന (19 രൂപ). സോളിഡ് േബ്ലാക്കിന്റെ (30x20x15) വില 34 ൽനിന്ന് 44 രൂപയായി ഉയർന്നു. എന്നാൽ, ഇവയുടെയെല്ലാം ഉൽപാദന ചെലവ് ഏകദേശം സമാനമാണെങ്കിലും കേരളത്തിന്റെ പലഭാഗത്തും പല വിലയാണ്.
വലിയ അന്തരമാണ് രണ്ട് സ്ഥലങ്ങളിലെയും വിലകൾ തമ്മിലുള്ളതെന്ന് നിർമാണമേഖലയിലുള്ളവർതന്നെ സമ്മതിക്കുന്നു. ഏതാനും വർഷംമുമ്പ് 5900ത്തോളം ക്വാറികൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് നിലവിൽ 630 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.
ഇതിനൊപ്പം ഇത്രയുമധികം വിലക്കയറ്റം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ ക്വാറികളുടെയും ക്രഷറുകളുടെയും ലൈസൻസ് ഫീസിലുണ്ടായ വർധനയും പെട്രോൾ -ഡീസൽ സെസ് ഏർപ്പെടുത്തിയതുമാണ്.
കേരളത്തിൽ എല്ലായിടത്തും ഉൽപാദനച്ചെലവ് ഏകദേശം ഒരുപോലെ ആയതിനാൽ ക്വാറി/ക്രഷർ ഉൽപന്നവില സംസ്ഥാനമൊട്ടാകെ ഏകീകരിക്കാൻ റെഗുലേറ്ററി സംവിധാനം നടപ്പാക്കണമെന്നും നിർമാണമേഖലയിലുള്ളവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.