അവശ്യസാധനങ്ങൾക്ക് പൊള്ളും വില
text_fieldsകോഴിക്കോട്: കാലവർഷം തുടങ്ങിയതോടെ സാധാരണക്കാരന്റെ നടുവൊടിച്ച് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. പച്ചക്കറി, പലവ്യഞ്ജന സാധനങ്ങളുടെ വില തൊട്ടാൽ പൊള്ളും. രണ്ടാഴ്ചക്കിടെ പല സാധനങ്ങളുടെയും വില ഇരട്ടിയോളം കൂടി. കാരറ്റ്, പച്ചമുളക്, തക്കാളി, മുരിങ്ങ, വെളുത്തുള്ളി, ചെറിയുള്ളി, പരിപ്പ്, പയർ തുടങ്ങിയ അത്യാവശ്യം വേണ്ട എല്ലാ ഭക്ഷ്യ ഇനങ്ങൾക്കും വില കുതിച്ചുയർന്നു. വിലക്കയറ്റത്തിൽ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റി. ധാന്യങ്ങൾ സബ്സിഡി ഇനത്തിൽ ലഭിക്കുന്ന സപ്ലൈകോ മാർക്കറ്റിൽ ആവശ്യത്തിന് സാധനങ്ങൾ ഇല്ലാത്തതും തിരിച്ചടിയാവുന്നു.
മഴകാരണം തമിഴ്നാട്ടിൽനിന്ന് വരവ് കുറഞ്ഞതും മഴയിൽ പച്ചക്കറി പെട്ടെന്ന് കേടാവുന്നതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് കോഴിക്കോട് പാളയം മാർക്കറ്റിലെ വ്യാപാരികൾ പറഞ്ഞു. പച്ചക്കറി ഉൽപന്നങ്ങൾ പൂഴ്ത്തിവെച്ച് ഇടനിലക്കാർ വില വർധിപ്പിക്കുന്നുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. പാളയത്ത് കിലോ കാരറ്റിന് 67 രൂപയാണ് വില. ഒരാഴ്ച മുമ്പ് ഇത് 41 രൂപയായിരുന്നു. എന്നാൽ, പാളയം വിട്ട് ചില്ലറ വിപണിയിലെത്തുമ്പോൾ കിലോക്ക് 100 രൂപ കൊടുക്കണം. മുരിങ്ങ വില ചില്ലറ വിപണിയിൽ 180ലെത്തി. രണ്ടാഴ്ചമുമ്പ് 140 ആയിരുന്നു വില. തക്കാളിക്ക് 30ൽനിന്ന് 36 ആയി. പച്ചമുളക് പാളയം മൊത്ത വിപണിയിൽതന്നെ 60ൽ നിന്ന് 90 ആയി വർധിച്ചു. ചില്ലറ വിപണിയിൽ എത്തുമ്പോൾ ഇത് 100 കടക്കും. മല്ലിയിലക്ക് മൊത്ത വിപണിയിൽ 70ൽനിന്ന് 100ഉം ചില്ലറ വിപണിയിൽ 200 വരെയുമാണ് വില. ചെറിയ ഉള്ളിക്ക് 60 ആയിരുന്നത് 80 ആയി. ചേന- 40ൽനിന്ന് 70 ലേക്ക് കുതിച്ചു. വെളുത്തുള്ളി വില 90-100ൽ നിന്ന് 150ലെത്തി.
ബീൻസ് 120, പാവക്ക-80, ഇഞ്ചി 120- 130 എന്നിങ്ങനെയാണ് പച്ചക്കറി മാർക്കറ്റിലെ വില. ഹോർട്ടികോർപ് മാർക്കറ്റിലും വിലയിൽ വലിയ വ്യത്യാസമില്ല. കാരറ്റ് 82, ബീൻസ് 92, ഇഞ്ചി 169, ചേന 65, ചെറിയഉള്ളി 83, മല്ലിയില 145 എന്നിങ്ങനെയാണ് ഹോർട്ടി കോർപ് മാർക്കറ്റിലെ വില. പയർ-ധാന്യങ്ങളുടെ വിലയും വൻ തോതിൽ വർധിച്ചു. വില വർധിച്ച മറ്റ് ഭക്ഷ്യവസ്തുക്കൾ: (ബ്രാക്കറ്റിൽ പഴയ വില)
പരിപ്പ് 20 (15) , പെരിഞ്ചീരകം 35 (22), നല്ല ജീരകം 65 (33), കോഴിമുട്ട 6 (5), ചെറുപയർ 130 (100). വൻ പയർ 120 (90), ഉഴുന്ന് 140 (120). കുറുവ അരി 45 (40) വരും ദിവസങ്ങളിലും വിലകൂടാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. കോഴി മുട്ട ആറ് രൂപക്ക് വിറ്റാൽപോലും നഷ്ടമാണെന്നും വ്യാപാരികൾ പറയുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.