എന്തൊരു വില! പച്ചക്കറിക്കും അവശ്യസാധനങ്ങൾക്കും വില കുതിക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്കും അവശ്യസാധനങ്ങൾക്കും പൊള്ളുംവില. തക്കാളി വില പൊതുവിപണിയില്‍ പലയിടത്തും 100 രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. കോഴിയിറച്ചിക്കും വില കുതിക്കുകയാണ്.
രണ്ടാഴ്ച മുമ്പുവരെ 110-120 രൂപ ഉണ്ടായിരുന്ന കോഴിയിറച്ചിക്ക് ഇപ്പോൾ പല ജില്ലകളിലും 160-170 രൂപയാണ് വില. അരി ഉൾപ്പെടെ പലചരക്ക് സാധനങ്ങൾക്കും വില ഉയരുകയാണ്. കുടുംബ ബജറ്റ് താളംതെറ്റും വിധം നിത്യോപയോഗ സാധനങ്ങൾക്ക് വിലകുതിക്കുമ്പോഴും വിപണിയിൽ ഇടപെടാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. അടുത്തകാലത്തുവരെ 100 രൂപക്ക് അഞ്ച് കിലോ കിട്ടിയിരുന്ന തക്കാളിയാണ് 100ൽ എത്തിയത്. 30 രൂപയുണ്ടായിരുന്ന വഴുതനക്ക് 60 ആയി. 40 രൂപക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. 30 രൂപക്ക് കിട്ടിയ കത്തിരിക്ക് 50 രൂപയായി.
ബീൻസിനും മുരിങ്ങക്കക്കും 100 കടന്നു. ഏത്തക്കായ കിലോക്ക് 60 മുതൽ 70 രൂപ വരെയായി. വറ്റൽ മുളക് 180ൽനിന്ന് 225, മല്ലി 125ൽനിന്ന് 145, വെളിച്ചെണ്ണ 160ൽനിന്ന് 180, പാമോയിൽ 150ൽനിന്ന് 180, വഴുതനങ്ങ 30ൽനിന്ന് 60, കാരറ്റ് 32ൽനിന്ന് 60. പാവക്ക 35ൽനിന്ന് 70, നീളൻപയർ 38ൽനിന്ന് 88 എന്നിങ്ങനെയാണ് വർധന. അതേസമയം, തെങ്കാശിയിൽനിന്നും മറ്റിതരസംസ്ഥാനങ്ങളിൽനിന്നും കുറഞ്ഞ വിലയ്ക്ക് പച്ചക്കറി സംഭരിച്ച് ഹോർട്ടികോർപ് വഴി വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.
കര്‍ണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്തമഴയും ഇന്ധനവില വർധനയും കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്. അരി ഉൾപ്പെടെ പലചരക്ക് സാധനങ്ങൾക്കും വില കൂടിയിട്ടുണ്ട്. ജയ അരിക്കും ആന്ധ്രയില്‍നിന്നുള്ള വെള്ള അരിക്കും എട്ടുരൂപ വരെ പലയിടങ്ങളിലും കൂടി. ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് ജയ അരി എത്തുന്നത്. വരവ് കുറഞ്ഞതോടെ വിപണിയിൽ ക്ഷാമം നേരിടുകയാണ്.
സ്ഥിതി തുടര്‍ന്നാല്‍ വില ഇനിയും കുതിച്ചുയരാനാണ് സാധ്യത. കഴിഞ്ഞ 10 ദിവസത്തിനിടെയാണ് അരിവില ഇത്രയും ഉയർന്നത്. ജയ അരിക്ക് സംസ്ഥാനത്ത് ഇപ്പോൾ വില കിലോക്ക് 39 രൂപ മുതൽ 42 വരെയായി. കഴിഞ്ഞയാഴ്ച 34-36 രൂപയായിരുന്നു. സുരേഖ അരി കിലോക്ക് 30-32 രൂപ ഉണ്ടായിരുന്നത് 39 വരെ ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.