ഫാ. ജോർജ് വൃക്ക പകുത്ത് നൽകി; ജോജോയ്ക്ക് ഇത് രണ്ടാം ജന്മം
text_fieldsആലുവ: ‘ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്യുന്നതെല്ലാം എനിക്കുതന്നെയാണ് ചെയ്തിരിക്കുന്നത് ...’ തീർത്തും അപരിചിതനായ വ്യക്തിക്ക് സ്വന്തം വൃക്ക നൽകാൻ തയ്യാറായതിനെ കുറിച്ച് ചോദിച്ചപ്പോൾ ഫാ. ജോർജ് പാഴേപ്പറമ്പിലിന് പറയാൻ ഉണ്ടായിരുന്നത് ഈ ബൈബിൾ വാക്യമായിരുന്നു. ജൂലൈ 28 ന് ആലുവ രാജഗിരി ആശുപത്രിയിൽ നടന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ കാസർകോട് കൊന്നക്കാട് സ്വദേശിയായ പി.എം. ജോജോമോനാണ് (49) വക്കച്ചൻ എന്ന് അറിയപ്പെടുന്ന ഫാ. ജോർജ് പാഴേപ്പറമ്പിൽ വൃക്ക നൽകിയത്.
തലശ്ശേരി രൂപതയിലെ വൈദീകരുടെ വാട്സാപ്പ് കൂട്ടായ്മയിൽ വന്ന ഒരു മെസേജിലൂടെയാണ് ജോജോയുടെ ദുരവസ്ഥയെ കുറിച്ച് ഫാ. ജോർജ് അറിയുന്നത്. കൊന്നക്കാട് അക്ഷയകേന്ദ്രം നടത്തിയിരുന്ന ജോജോമോന്റെ ഇരു വൃക്കകളും പ്രമേഹത്തെ തുടർന്ന് തകരാറിലായി. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തിയിരുന്ന ജോജോമോന്, വൃക്ക മാറ്റി വെക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് ഡോക്ടർമാർ നിർദേശിച്ചു. ചികിത്സയ്ക്ക് വേണ്ടി അക്ഷയകേന്ദ്രം വിൽക്കേണ്ടി വന്നു. പിന്നീട് ജോജോമോന് വേണ്ടി നാടൊന്നിച്ചു. കൊന്നക്കാട് പള്ളി വികാരി ഫാ. ജോബിൻ ജോർജ് അധ്യക്ഷനായും ബളാൽ പഞ്ചായത്ത് അംഗം ബിൻസി ജയിൻ കൺവീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചാണ് ചികിത്സയ്ക്കായി പണം കണ്ടെത്തിയത്. ഭാര്യ ഷൈന വൃക്ക ദാനം ചെയ്യാൻ തയ്യാറായെങ്കിലും പരിശോധനയിൽ യോജിക്കാതെ വന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ഫാ.ജോർജ് രക്ഷകനായി എത്തിയത്.
കള്ളാർ ഉണ്ണി മിശിഹ പള്ളി വികാരിയായ ഫാ. ജോർജ്, വൃക്ക നൽകുന്ന വിവരം ആദ്യം തലശ്ശേരി രൂപതയിൽ അറിയിച്ച് അനുവാദം നേടി. പിന്നാലെ മാതാപിതാക്കളെയും കൊന്നക്കാട് പള്ളി വികാരി വഴി ജോജോമോന്റെ കുടുംബത്തെയും അറിയിച്ചു. മുൻപരിചയം ഇല്ലാതിരുന്നിട്ടും ‘ജോജോയ്ക്ക് താൻ വൃക്ക നൽകാം’ എന്ന ഫാ. ജോർജിന്റെ വാക്കുകൾ ആ കുടുംബത്തെ പ്രതീക്ഷയുടെ തീരത്തേക്ക് അടുപ്പിച്ചു. ഒടുവിൽ ജൂലൈ 21ന് ഫാ. ജോർജും ജോജോമോനും രാജഗിരി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വേണ്ടി അഡ്മിറ്റായി.
തുടർച്ചയായ പരിശോധനകൾക്ക് ശേഷം രാജഗിരി ആശുപത്രിയിലെ വൃക്കരോഗ വിദ്ഗദരായ ഡോ. ജോസ് തോമസ്, ഡോ. ബാലഗോപാൽ നായർ, ഡോ. സ്നേഹ പി. സൈമൺ, ഡോ. അപ്പു ജോസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. സച്ചിൻ ജോർജ്, ഡോ. ശാലിനി രാമകൃഷ്മണൻ എന്നിവരടങ്ങുന്ന സംഘം വിജയകരമായി കിഡ്നി മാറ്റിവെച്ചു. മനുഷ്യത്വത്തിന്റെ പേരിൽ ജോജോമോനെ മനസ്സറിഞ്ഞ് സഹായിച്ച ആ യുവ വൈദികൻ ഒരാഴ്ചത്തെ ആശുപത്രി വാസത്തിനൊടുവിൽ ഡിസ്ചാർജ് ആയി.
പോകുന്നതിന് മുമ്പ് യാത്ര പറയാൻ എത്തിയ ഫാ. ജോർജിനെ കണ്ടപ്പോൾ ജോജോമോന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ജീവിതത്തിലേക്കുള്ള രണ്ടാം വരവിന് കാരണമായ ആ വൈദികന്റെ കരങ്ങൾ തഴുകികൊണ്ട് ജോജോമോൻ നന്ദി പറഞ്ഞു. കാർമേഘം കൊണ്ട് നിറഞ്ഞിരുന്ന ജോജോമോന്റെ ജീവിതത്തിലേക്ക് വന്ന മഴവില്ലാണ് ഫാ. ജോർജെന്ന് രാജഗിരി ആശുപത്രി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ പറഞ്ഞപ്പോൾ, സഹജീവി സ്നേഹത്തിനപ്പുറം താൻ ചെയ്തതിൽ ഒന്നുമില്ലെന്ന നിഷ്കളങ്ക മറുപടിയോടെ ആ വൈദികൻ യാത്ര പറഞ്ഞ് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.