ആസ്ട്രേലിയയിൽ കുർബാനക്കിടെ മലയാളി വൈദികന് കുത്തേറ്റു
text_fieldsമെൽബൺ: ആസ്ട്രേലിയയിൽ ക്രിസ്ത്യൻ പള്ളിയിലെ കുർബാനക്കിടെ മലയാളി വൈദികന് കുത്തേറ്റു. ഫാദർ. ടോമി കളത്തൂർ മാത്യുവി(48) നാണ് കഴുത്തിന്‍റെ ഇടതു ഭാഗത്ത് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ വൈദികനെ നോർത്ത് ഫോക്നറിലെ ദ നോർത്തേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആസ്ട്രേലിയൻ സമയം രാവിലെ 11ന് നോർത്ത് ഫോക്നർ, 95 വില്യം സ്ട്രീറ്റിലെ സെന്‍റ് മാത്യൂസ് പള്ളിയിൽ ഞായറാഴ്ച കുർബാന നടത്തുന്നതിനിടെയാണ് സംഭവമെന്ന് ഇംഗ്ലീഷ് വാർത്താ വെബ്സൈറ്റായ ദ ആസ്ട്രേലിയൻ റിപ്പോർട്ട് ചെയ്തു. കത്തിയുമായെത്തിയ അജ്ഞാതൻ 'ഇന്ത്യക്കാരനായ നീ ഹിന്ദുവോ മുസ് ലിമോ ആയിരിക്കും, അതിനാൽ പ്രാർഥന നടത്താൻ പാടില്ല, നിന്നെ ഞാൻ കൊല്ലും' എന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്.
അക്രമിയെന്ന് സംശയിക്കുന്ന അമ്പത് വയസുള്ള ആസ്ട്രേലിയൻ വംശജനെ പാർപ്പിട മേഖലയിലെ തെരുവിൽ നിന്ന് പിന്നീട് പൊലീസ് പിടികൂടി. ഒറ്റപ്പെട്ട സംഭവമാണ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോൺസ്റ്റബിൾ റിയാനോൻ നോർട്ടൺ അറിയിച്ചു.
വൈദികൻ സുഖം പ്രാപിച്ചു വരുന്നതായും വൈകാതെ ജോലിയിലേക്ക് മടങ്ങുമെന്നും മെൽബൺ കത്തോലിക്ക അതിരൂപത വക്താവ് ഷെയ്ൻ ഹെയ് ലി പറഞ്ഞതായി ആസ്ട്രേലിയൻ വാർത്താ ഏജൻസി എ.എ.പി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.