പീഡനക്കേസിലെ വൈദികരെ ഇന്ത്യൻ നിയമപ്രകാരം ശിക്ഷിക്കണം-കണ്ണന്താനം
text_fieldsകോഴിക്കോട്: സ്ത്രീകളോട് അതിക്രമം കാണിക്കുന്നവരെ ജയിലിലടക്കുകയും പ്രോസിക്യൂട്ട് ചെയ്യുകയും വേണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജനശക്തിയുടെ 24ാമത് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടന്‍ ദീലിപ് ഇന്ത്യയിലെയോ ലോകത്തെയോ അത്ര വലിയ ആളായി തോന്നിയിട്ടില്ല. അദ്ദേഹത്തിന് പിറകെയാണ് മാധ്യമങ്ങൾ. സ്ത്രീകളെ അപമാനിച്ചാലും ബഹുമാനിച്ചില്ലെങ്കിലും വേഗം നടപടി സ്വീകരിക്കണം. ഒരു സമൂഹത്തിെൻറ ചര്‍ച്ച ഇതുമാത്രമാവരുത്-മന്ത്രി പറഞ്ഞു.
വിദ്യാസമ്പന്നമെന്ന് പറയുന്ന കേരളത്തില്‍പോലും സ്ത്രീകള്‍ക്ക് വേണ്ടത്ര ബഹുമാനം നല്‍കുന്നില്ല. സാക്ഷരതയിലും ആരോഗ്യരംഗത്തും സംസ്ഥാനം അദ്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചെന്ന് പറയുന്നു. എന്നാല്‍, കേരളത്തിലെ ഒരു സർവകലാശാലയും ആഗോള നിലവാരത്തിൽ എത്തിയില്ല. ആരോഗ്യ രംഗത്താണെങ്കില്‍ ഇപ്പോഴും ഡെങ്കിപ്പനിയും മറ്റും കാരണം ആളുകള്‍ മരിക്കുന്നു. മാറ്റങ്ങള്‍ ഇതൊക്കെ മതിയോ എന്ന് ചിന്തിക്കണം. രാജ്യത്ത് ഏഴരലക്ഷം പേര്‍ക്ക് കക്കൂസ് ഉണ്ടാക്കിക്കൊടുക്കുന്ന പദ്ധതിക്കെതിരെ നിരവധി ട്രോളുകളാണ് ഇറങ്ങുന്നത്. കക്കൂസ് കണ്ണന്താനമെന്നാണ് തന്നെ വിളിക്കുന്നത്. ഇത് അഭിമാനമായാണ് കാണുന്നത്-അദ്ദേഹം പറഞ്ഞു.
ജനശക്തി സംസ്ഥാന പ്രസിഡൻറ് ദേവസ്യ മുളവന അധ്യക്ഷത വഹിച്ചു. ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു എന്നിവരേയും നിപ വൈറസിനെതിരേ പ്രവര്‍ത്തിച്ച് മാതൃകയായ മെഡിക്കല്‍കോളജ് പ്രിന്‍സിപ്പൽ വി.ആര്‍. രാജേന്ദ്രന്‍, സൂപ്രണ്ട് കെ.ജി. സജീത്ത്കുമാര്‍, ഡോ. അനൂപ് എന്നിവരേയും ആദരിച്ചു. ജനശക്തി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഫിലിപ്പ്, ലൂക്കോ ജോസഫ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.