പ്രാഥമിക വിദ്യാഭ്യാസം: പ്രായത്തിന് ആനുപാതികമായ ക്ലാസിൽ ചേരാൻ ടി.സി നിർബന്ധമില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: പ്രായത്തിന് ആനുപാതികമായ ക്ലാസുകളിൽ ചേർന്ന് പ്രാഥമിക വിദ്യാഭ്യാസം നേടാൻ സ്കൂൾ പ്രവേശനത്തിന് വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) നിർബന്ധമില്ലെന്ന് ഹൈകോടതി. ഒന്നിലേക്കല്ലാതെ മറ്റൊരു ക്ലാസിലേക്കും ടി.സിയില്ലാതെ പ്രവേശനം നൽകരുതെന്ന് കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ആറുമുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്ന ഭരണഘടന വ്യക്തമാക്കിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് രാജ വിജയരാഘവെൻറ ഉത്തരവ്.
ടി.സിയില്ലെന്ന കാരണത്താൽ പാലക്കാട് പുതുക്കോട് എസ്.ജെ.എച്ച് സ്കൂളിൽ പ്രവേശനം നിഷേധിച്ചതിനെതിരെ 17 വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഹരജിക്കാർ കോട്ടശേരി എ.എൽ.പി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കോവിഡ് വ്യാപനത്തെതുടർന്ന് സ്കൂൾ അടച്ചു. തുടർന്ന് വീട്ടിലിരുന്ന് പഠിച്ച കുട്ടികൾ വിക്ടേഴ്സ് ചാനലിെൻറ സഹായത്തോടെ അഞ്ച്, ആറ് ക്ലാസുകളിലെ പഠനം പൂർത്തിയാക്കി. ഏഴാംക്ലാസ് പ്രവേശനത്തിന് പുതുക്കോട് എസ്.ജെ.എച്ച്.എസിനെ സമീപിച്ചപ്പോൾ ടി.സി ആവശ്യപ്പെട്ടു. കോട്ടശേരി എ.എൽ.പി സ്കൂളിൽ അഞ്ചാം ക്ലാസ് വരെ മാത്രമേ ഉള്ളൂവെന്നതിനാൽ ആറാം ക്ലാസ് പാസായതിെൻറ ടി.സി നൽകാനാവില്ലെന്ന് ഹെഡ്മാസ്റ്റർ വ്യക്തമാക്കി. തുടർന്നാണ് കുട്ടികൾ കോടതിയെ സമീപിച്ചത്.
2009ലെ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം സ്കൂൾ കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള ക്ലാസിൽ പ്രവേശനം നൽകാൻ ടി.സി നിർബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി. ഇങ്ങനെ പ്രവേശനം നേടുന്ന കുട്ടികളെ ക്ലാസിലെ മറ്റു കുട്ടികളുടെ നിലവാരത്തിലേക്ക് എത്തിക്കാൻ പ്രത്യേക പരീശീലനം നൽകാനും പറയുന്നുണ്ട്. മൂന്നു മാസത്തെ പ്രത്യേക പരിശീലനം ഇത്തരം വിദ്യാർഥികൾക്ക് നൽകാൻ സർക്കാറിന് ചട്ടമുള്ളതായും കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരെ ടി.സിയില്ലാതെ പ്രവേശിപ്പിക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയ കോടതി, ഹരജി തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.