24 രൂപക്ക് മൂന്ന് ചോർ, 2 ഗ്ലാസ് പാൽ, ഒരു മുട്ട; നട്ടംതിരിഞ്ഞ് പ്രധാനാധ്യാപകർ
text_fieldsകോട്ടയം: മൂന്ന് ദിവസം ചോറും കറിയും ഉപ്പേരിയും നൽകണം. ഓരോ ഗ്ലാസ് പാൽ വീതം രണ്ട് ദിവസം. ഒരു ദിവസം മുട്ടയും. എല്ലാത്തിനും കൂടി സർക്കാർ അനുവദിക്കുന്നതാവട്ടെ ഒരുകുട്ടിക്ക് പരമാവധി 24 രൂപ!. സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്കുള്ള പോഷകാഹാര പദ്ധതിയിലാണ് ഈ 'വിലക്കുറവ്'!.
ഗ്യാസിനും പാലിനും എത്ര തവണ വിലകൂടി മാഷേ!
ഉച്ചഭക്ഷണത്തിനുള്ള ചുമതല പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർക്കാണ്. ഫണ്ട് കണ്ടെത്താനാകാതെ നെട്ടോട്ടമോടുകയാണ് ഇവർ. സർക്കാർ നൽകുന്ന ഫണ്ട് തികയാത്തതാണ് അധ്യാപകരെ വലക്കുന്നത്. 150 കുട്ടികൾ വരെയുള്ള സ്കൂളിൽ ഒരു കുട്ടിക്ക് ദിവസം എട്ടുരൂപയാണ് നൽകുന്നത്. 150ൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ അധികമുള്ള ഓരോ കുട്ടിക്കും ഏഴുരൂപ നൽകും. കുട്ടികളുടെ എണ്ണം 500 കവിഞ്ഞാൽ അധികമുള്ള ഓരോ ആൾക്കും ആറുരൂപവീതം ഫണ്ട് നൽകും.
ഇപ്പോൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ആഴ്ചയിൽ മൂന്നുദിവസമാണ് ക്ലാസ്. ഇതുപ്രകാരം ആഴ്ചയിൽ പരമാവധി ലഭിക്കുക ഒരു കുട്ടിക്ക് 24 രൂപ. ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, ഗ്യാസ്, പാൽ, മുട്ട, കയറ്റിറക്ക് എന്നിവക്കെല്ലാമുള്ള ചെലവ് ഇതിൽനിന്ന് കണ്ടെത്തണം. 2016ൽ ഏർപ്പെടുത്തിയതാണ് ഇൗ നിരക്ക്. ഇതിന് ശേഷം പച്ചക്കറിക്കും പാലിനും ഗ്യാസിനുമെല്ലാം പലതവണ കൂടി. ആകെ അരി മാത്രമാണ് സർക്കാർ നൽകുന്നത്. ബാക്കിയെല്ലാം ഈ തുക കൊണ്ട് വാങ്ങാൻ കഴിയില്ല. അധികം വരുന്ന തുക പ്രധാനാധ്യാപകൻ സ്വന്തം കൈയ്യിൽ നിന്ന് ചെലവഴിക്കണം.
നാലുരൂപകൊണ്ട് എങ്ങനെ മൂന്ന് ചോർ നൽകും?
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ചേർന്ന യോഗത്തിൽ ഉച്ചവരെയേ ക്ലാസ് ഉണ്ടാവൂ എന്നാണ് അറിയിച്ചിരുന്നത്. അതിനാൽ ഉച്ചഭക്ഷണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അവസരമുണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് ഉച്ചഭക്ഷണം നൽകണെമന്ന് സർക്കാർ നിർദേശം നൽകുകയായിരുന്നു.
ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. ഇതിനുതന്നെ 20 രൂപ ചെലവുണ്ട്. ബാക്കി നാലുരൂപകൊണ്ട് എങ്ങനെ ഭക്ഷണം നൽകുമെന്നാണ് പ്രധാനാധ്യാപകരുടെ ചോദ്യം.
അരി മാവേലി സ്റ്റോറിൽനിന്ന് സ്കൂളിലെത്തിക്കും. പാചകത്തൊഴിലാളികൾക്കുള്ള വേതനവും സർക്കാർ നൽകും. മറ്റ് ഭക്ഷ്യവസ്തുക്കളാണ് കണ്ടെത്തേണ്ടത്. കൈയിൽനിന്ന് പണമെടുത്താണ് അധ്യാപകർ ഉച്ചഭക്ഷണത്തിനു ചെലവിടുന്നത്. ഇതുവഴി ആഴ്ചയിൽ 1000 രൂപവരെ പ്രധാനാധ്യാപകർക്ക് നഷ്ടം വരുന്നുണ്ട്.
പ്രധാനാധ്യാപകന്റെ പ്രധാന ജോലി ഉച്ചഭക്ഷണം!
നിലവിൽ ഹെഡ്മാസ്റ്റർമാരുടെ 60 ശതമാനം ജോലികളും ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. അക്കാദമികകാര്യങ്ങൾക്ക് സമയം കിട്ടുന്നില്ല. ഏറ്റവും കൂടുതൽ രേഖകൾ തയാറാക്കി സ്കൂളിൽ സൂക്ഷിക്കേണ്ടതും ഉച്ചഭക്ഷണത്തിേൻറതുതന്നെ. ഇത് സ്കൂളിെൻറ ഭരണപരവും അക്കാദമികവുമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഉച്ചഭക്ഷണ നടത്തിപ്പിന് സമൂഹഅടുക്കള േപാലെ സംവിധാനം ആരംഭിക്കുകയോ കുടുംബശ്രീയെ ഏൽപിച്ച് സാമ്പത്തിക കാര്യങ്ങൾ സർക്കാർ അവരുമായി നേരിട്ട് കൈകാര്യം ചെയ്യുകയോ വേണമെന്നുമാണ് പ്രധാനാധ്യാപകരുടെ ആവശ്യം.
27ന് അടുപ്പുകൂട്ടി സമരം നടത്തും
വിദ്യാഭ്യാസമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകിയിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 27ന് പ്രധാനാധ്യാപകർ തിരുവനന്തപുരത്ത് ഡി.ജി.ഇ (ഡയറക്ടർ ഓഫ് ജനറൽ എജുക്കേഷൻ) ഓഫിസിനു മുന്നിൽ അടുപ്പുകൂട്ടി സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് ഇ.ടി.കെ. ഇസ്മായിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.