പ്രധാനമന്ത്രി 25ന് കൊച്ചിയിൽ; അനിൽ ആന്റണിയും പങ്കെടുത്തേക്കും
text_fieldsതിരുവനന്തപുരം: കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വേദിയിൽ അനിൽ ആന്‍റണിയെ പങ്കെടുപ്പിക്കാനൊരുങ്ങി ബി.ജെ.പി. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തുമ്പോൾ അദ്ദേഹത്തിനൊപ്പം അനിൽ ആന്‍റണിയുമുണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന വിവരം.
യുവാക്കളുമായുള്ള സംവാദപരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. സംവാദപരിപാടി സംസ്ഥാനത്ത് അനിലിന്‍റെ പാർട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം.
എന്നാൽ അനിലിന്‍റെ ബി.ജെ.പി പ്രവേശനവും പ്രധാനമന്ത്രിയുടെ വേദിയിൽ അദ്ദേഹത്തെ എത്തിക്കാനുമുള്ള നീക്കവുമൊക്കെ അവഗണിക്കുകയാണെന്ന നിലപാടിലാണ് കോൺഗ്രസ്. വിഷയത്തിൽ എ.കെ. ആന്‍റണി തന്നെ നിലപാട് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ പാർട്ടിയിൽനിന്നും ഈ വിഷയത്തിൽ ഇനി പ്രതികരണങ്ങളൊന്നും വേണ്ടെന്ന തീരുമാനത്തിലാണ് കോൺഗ്രസ്.
എന്നാൽ അനിൽ ആന്‍റണിയുടെ പാർട്ടി പ്രവേശനംവഴി കേരളത്തിലെ ഉൾപ്പെടെ ക്രൈസ്തവ സമൂഹത്തിനിടയിൽ ഗുണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് ബി.ജെ.പി. മോദി കേരളത്തിലെത്തുമ്പോൾ ക്രൈസ്തവ സഭ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതുൾപ്പെടെ പരിപാടികൾ ഒരുക്കാനും ബി.ജെ.പി ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞദിവസമാണ് അനിൽ ആന്‍റണി ബി.ജെ.പിയിലെത്തിയതെങ്കിലും അദ്ദേഹത്തിന് ഏത് ചുമതല നൽകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമല്ല. ആന്‍റണിയുടെ മകനെ കേരളത്തിൽ ബി.ജെ.പി എങ്ങനെയാകും രംഗത്തിറക്കുക എന്ന ആകാംക്ഷയും കഴിഞ്ഞ ദിവസമുണ്ടായിരുന്നു.
അതിനൊടുവിലാണ് പ്രധാനമന്ത്രിക്കൊപ്പം അനിലിനെ അവതരിപ്പിക്കുന്നത്. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും അനിലിനെ രംഗത്തിറക്കാനാണ് നീക്കം. തൃശൂരിൽ സ്മൃതി ഇറാനി പങ്കെടുക്കുന്ന വനിത സംഗമവും കോഴിക്കോട് രാജ്നാഥ് സിങ് നയിക്കുന്ന വിമുക്ത ഭടന്മാരുടെ കൂട്ടായ്മയും ബി.ജെ.പി സംഘടിപ്പിക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണമായി ഈ പരിപാടികൾ മാറ്റാനാണ് അവരുദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.