പ്രധാനമന്ത്രി യുവം കോൺക്ലേവ് വേദിയിൽ
text_fieldsകൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കൊച്ചിയിൽ വിമാനമിറങ്ങിയ മോദി ഷോയിൽ പങ്കെടുത്തശേഷം,യുവം കോൺക്ലേവ് വേദിയിലെത്തി. കേരളീയ വേഷത്തിലാണ് മോദിയെത്തിയത്. വൻ ജനാവലിയാണ് കൊച്ചിയിലെത്തിയിരിക്കുന്നത്.
ആറ് മണിക്ക് തേവര സേക്രഡ് ഹാർട്ട് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന യുവം-23 പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ഏഴ് മണിക്ക് ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. കൊച്ചി വെണ്ടുരുത്തി പാലത്തിന് സമീപത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. കേരളത്തിലെ എട്ട് ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണ് ബി.ജെ.പി നേതൃത്വം നൽകുന്നത്. ജോർജ് ആലഞ്ചേരിയുടെയും ജോസഫ് പംപ്ലാനിയുടെയും ബി.ജെ.പി അനുകൂല പ്രസ്താവനകൾ ചർച്ചചെയ്യപ്പെട്ട സാഹചര്യം കൂടി പരിഗണിച്ചാണ് ഈ കൂടിക്കാഴ്ച. ഇതിലൂടെ കേരളത്തിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്നാണ് ബി.ജെ.പി കണക്ക്കൂട്ടൽ.
അതേസമയം, യുവം വേദിക്ക് പുറത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവം കോൺക്ലേവ് നടക്കുന്ന വേദി പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിച്ചിരിക്കുകയാണ്. റോഡ് ഷോ നടക്കുന്ന ഭാഗത്തേക്ക് പ്രവർത്തകരെ കയറ്റി വിട്ടിരുന്നു.
ഇതിനിടയിൽ ബൈക്കിൽ എത്തിയ അനീഷ് വേദിക്ക് മുന്നിലേക്ക് ചാടിയിറങ്ങി കയ്യിൽ കരുതിയ യൂത്ത് കോൺഗ്രസ് പതാക വീശി മോദി ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പിന്നാലെ പ്രദേശത്ത് തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ അനീഷിനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. ഉടൻ തന്നെ പൊലീസ് ഇടപെട്ട് അനീഷിനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രാവിലെ പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ കനത്ത സുരക്ഷക്കിടയിലും യുവം കോൺക്ലേവ് പരിസരത്ത് പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.