മുഖ്യമന്ത്രിയും കുടുംബവും വരെ അഴിമതിക്കാരായി; കേരളത്തിന്റെ പ്രധാന പ്രശ്നം കൊള്ള -പ്രധാനമന്ത്രി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ചും കോൺഗ്രസ്-സി.പി.എം കൂട്ടുകെട്ട് ചൂണ്ടി പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറ്റിങ്ങൽ, തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കായി കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കൺവെൻഷനിലായിരുന്നു മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള മാസപ്പടി വിവാദമുന്നയിച്ചും സ്വർണക്കടത്ത് ആവർത്തിച്ചുമുള്ള ആരോപണങ്ങൾ.
മുഖ്യമന്ത്രിയും മകളും വരെ അഴിമതിക്കേസിൽ പെട്ടെന്നായിരുന്നു മാസപ്പടി കേസ് പറയാതെ മോദി മുഖ്യമന്ത്രിക്കെതിരെ അമ്പ് തൊടുത്തത്. ഈ കേസിൽ അന്വേഷണം നടക്കാതിരിക്കാൻ പല ശ്രമങ്ങളും സംസ്ഥാന സർക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ, മോദി സർക്കാർ കേന്ദ്രത്തിലുണ്ടായതുകൊണ്ടാണ് വിവരങ്ങളെല്ലാം പുറത്തുവന്നതെന്നും മോദി സൂചിപ്പിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാർ സർക്കാർ സംവിധാനങ്ങൾ മുഴുവൻ ദുരുപയോഗം ചെയ്തു. കേരളത്തിൽ ഇടത് വലത് മുന്നണികൾ പരസ്പരം പോരടിക്കുന്നതുപോലെ നടിക്കുമെങ്കിലും ദില്ലിയിൽ ഇവർ ഒന്നിച്ചിരുന്ന് യോഗം ചേരുകയും സൗഹൃദം പങ്കുവെക്കുകയുമാണ്. രണ്ടുകൂട്ടരും തമ്മിൽ പേരിൽ മാത്രമാണ് വ്യത്യാസം. തിരുവനന്തപുരത്ത് ഇവർ നേർക്കുനേർ മത്സരിക്കുമെങ്കിലും ഏതാനും കിലോമീറ്റർ അകലെയുള്ള തിരുനെൽവേലിയിൽ ഇവർ ഒരു മുന്നണിയുടെ ഭാഗവും ഒറ്റക്കെട്ടുമാണ്. രണ്ടു കൂട്ടരെയും രാജ്യം തിരസ്കരിച്ചതാണ്. അഴിമതിക്കാര്യത്തിലാണ് ഇവർ പരസ്പരം മത്സരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി സത്യസന്ധമായാണ് താൻ ഭരിച്ചത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചു. ഇതിനെ തുടർന്നാണ് തന്നെ പുറത്താൻ ഇൻഡ്യ എന്ന പേരിൽ മുന്നണിയുണ്ടാക്കി ഇരുകൂട്ടരും മുന്നോട്ടുവന്നത്. താൻ ഇതിനെയൊന്നും ഭയക്കുന്നില്ല -മോദി പറഞ്ഞു.
സഹകരണ ബാങ്ക് ക്രമക്കേടുകളുടെയും തട്ടിപ്പുകളുടെയും കണക്ക് നിരത്തി സി.പി.എമ്മിനെയും മോദി വിമർശിച്ചു. സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുകയാണ്. 300ഓളം സഹകരണ ബാങ്കുകളിലായി ഒരു ലക്ഷം കോടിയുടെ തട്ടിപ്പാണ് നടന്നത്. സി.പി.എം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുന്നു. സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്കെല്ലാം പണം തിരികെ നൽകും. അഴിമതി നടത്തിയവരിൽ നിന്ന് പണം തിരികെ പാവങ്ങൾക്കെത്തിക്കും. അഴിമതി നടത്തിയ എല്ലാവരെയും തുറുങ്കിലടക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.