പ്രധാനമന്ത്രി ടെലിഫോണിൽ വിളിച്ചതായി മുഖ്യമന്ത്രി; ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തു
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികൾ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര മഴയും ഉരുൾപൊട്ടലും അതിെൻറ ഫലമായുണ്ടായ ആൾനാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം ഉരുൾപൊട്ടലിനെ തുടർന്ന് ഇടുക്കി ജില്ലയിലെ കൊക്കയാറിൽ കാണാതായ എട്ട് പേരിൽ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. മൂന്നുകുട്ടികളുടെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഉച്ചയോടെ കണ്ടെത്തിയത്. ഇനി അഞ്ചു പേരെ കണ്ടെത്താനുള്ളത്. കൊക്കയാറിൽ കാണാതായ എട്ടുപേരിൽ അഞ്ചു പേർ കുട്ടികളാണ്. ഇവിടെ രക്ഷാപ്രവർത്തനത്തിനായി ഡോഗ് സ്ക്വാഡിനെ എത്തിച്ചിട്ടുണ്ട്.
കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇന്ന് എട്ടും ഇന്നലെ മൂന്നും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ 11 പേരെയാണ് കണ്ടെത്തിയത്. ഇതിൽ എട്ടുപേരെ തിരിച്ചറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം സഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ ഇടുക്കി തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് യുവാവും യുവതിയും മരിച്ചു. കാഞ്ഞാർ-മണപ്പാടി റോഡിലാണ് അപകടം. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടി വീട്ടിൽ നിഖിൽ ഉണ്ണികൃഷ്ണൻ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാൽ പുത്തൻപുരയിൽ നിമ കെ. വിജയൻ (32) എന്നിവരാണ് മരിച്ചത്.
കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തുമാണ് ഉരുൾ പൊട്ടിയത്. കൂട്ടിക്കലിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ പുറത്തെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടി.
തൃശൂർ ജില്ലയിൽ മഴ ശക്തം; അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ
തൃശൂർ: ജില്ലയിൽ വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ പുഴയോരത്തുള്ളവരും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ ഹരിത വി. കുമാർ. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും പ്രാദേശികമായി നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കലക്ടർ പറഞ്ഞു.
വെള്ളം കയറാനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് നേരത്തേ തന്നെ മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴയില്‍ ജില്ലയിലെ അണക്കെട്ടുകളിലെയും പുഴകളിലെയും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്.
പുഴകളിലെ ജലനിരപ്പ് പലയിടത്തും വാണിങ് ലെവലിന് അടുത്തെത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് റവന്യൂ, ഫയര്‍ ആന്റ് റെസ്‌ക്യൂ, പൊലീസ്, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങൾ സജ്ജരാണ്. ഇവരുടെ നിർദ്ദേശങ്ങൾ പാലിക്കാനും പൊതുജനങ്ങൾ തയ്യാറാകണമെന്നും കലക്ടർ അറിയിച്ചു.
പരീക്ഷകൾ മാറ്റി
കേരള സർവകലാശാല നാളെ (18/10/2021) നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കൽ, എൻട്രൻസ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.നാളെ ( ഒക്ടോബർ 18) നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത ടി. .ബാലൻ അറിയിച്ചു.മഹാത്മാഗാന്ധി സർവകലാ ശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.