മോദിയുടെ അപരന് ആകാംക്ഷ; ആരാണ് ആ ചിത്രമെടുത്തത്?
text_fieldsചെറുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള രൂപസാദൃശ്യത്തിെൻറ പേരിൽ അവിചാരിതമായുണ്ടായ പ്രശസ്തിയിൽ ശരിക്കും പെട്ടുപോയിരിക്കുകയാണ് മാത്തില്‍ കുറുവേലിയിലെ പടിഞ്ഞാറെ കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന്. നാട്ടിലും മറുനാട്ടിലും താരമായെങ്കിലും അതിലൊന്നും കാര്യമില്ലെന്നാണ് ഇദ്ദേഹത്തിെൻറ നിലപാട്. മാധ്യമപ്പട ഒന്നിനുപിറകെ ഒന്നായി എത്തിയപ്പോൾ ബംഗളൂരുവിലെ മകെൻറ വീട്ടിലെ വാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് നാട്ടുകാരുടെ സ്വന്തം ‘മോദി’.
മോദിയെപ്പോലെ വെട്ടിയൊതുക്കിയ നരച്ച താടി, ഇടത്തുനിന്ന് വലത്തേക്ക് ചീകിയൊതുക്കിയ മുടി, കൂടെ കണ്ണടയും. ഇെതല്ലാം ചേർന്നപ്പോൾ ആൾ ശരിക്കും മോദി തന്നെ! ഫോേട്ടായെടുത്ത് സമൂഹ മാധ്യമത്തിലിട്ടയാളെ കുറ്റം പറയാൻ പറ്റില്ല. അത്രക്കും സാദൃശ്യം. ബംഗളൂരുവിലുള്ള മകെൻറ വീട്ടിലേക്ക് പോകാന്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്ക്കുന്ന ചിത്രമാണ് രാമചന്ദ്രനെ പ്രശസ്തിയിലേക്കുയർത്തിയത്, ഒപ്പം സ്വസ്ഥത ഇല്ലാതാക്കിയതും. ‘നരേന്ദ്രമോദി റെയില്‍വേ സ്റ്റേഷനില്‍’ എന്ന അടിക്കുറിപ്പോടെ ഇട്ട ചിത്രം വൈറലാകാൻ അധിക സമയം വേണ്ടിവന്നില്ല. കഥയൊന്നുമറിയാതെ ബംഗളൂരുവില്‍ മകെൻറ വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ പ്രശസ്തിയും കൂടെയെത്തി. സംഭവത്തില്‍ രാമചന്ദ്രന് വലിയ അദ്ഭുതമൊന്നും തോന്നിയില്ല എന്നതാണ് സത്യം.
ഏറെക്കാലം വിദേശത്തായിരുന്ന രാമചന്ദ്രന് കേരളത്തിന് പുറത്ത് പലസ്ഥലങ്ങളിലും ചെല്ലുമ്പോള്‍ ഈ രൂപസാദൃശ്യം തിരിച്ചറിഞ്ഞ് ഇദ്ദേഹത്തോടൊപ്പംനിന്ന് സെല്‍ഫിയെടുക്കാന്‍ പലരുമെത്താറുണ്ടായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷമാണ് ഇദ്ദേഹം പോലും തെൻറ രൂപസാദൃശ്യം ശ്രദ്ധിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നില്ക്കുന്ന മോദിയുടെ ചിത്രത്തിെൻറ കഥ ഒടുവില്‍ സാക്ഷാല്‍ നരേന്ദ്രമോദിയും അറിഞ്ഞു. 35 വര്‍ഷത്തെ മുംബൈ വാസത്തിനും 11 വര്‍ഷത്തെ ഗള്‍ഫ് പ്രവാസത്തിനും ശേഷം നാട്ടിലെത്തി തീര്‍ഥാടനവും ആത്മീയകാര്യങ്ങളുമായി ഒതുങ്ങിക്കഴിയുകയായിരുന്നു ഇദ്ദേഹം.
മലയാളം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, അറബി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ കൂടി പ്രവീണ്യമുള്ള രാമചന്ദ്രന് മോദിയുമായുള്ളത് രൂപസാദൃശ്യം മാത്രമല്ല. മോദിയെപ്പോലെ സസ്യാഹാരിയും യോഗ പ്രചാരകനുമാണ്. രണ്ട് ആണ്മക്കളില് ഒരാള്‍ ബംഗളൂരുവില്‍ ഐ.ബി.എം കമ്പനിയിലും മറ്റെയാള്‍ ബെല്‍ജിയത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിയിലും ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്യുകയാണ്. ഭാര്യ ബംഗളൂരുവിലെ മകനൊപ്പവും. സ്വയം തെരഞ്ഞെടുത്ത ഏകസ്ഥ ജീവിതത്തിന് തടസ്സമായാല് താടി വടിച്ചുകളഞ്ഞ് മോദിയുടെ രൂപസാദൃശ്യത്തില്‍ നിന്നും പുറത്തുകടക്കാന്‍ മടിയില്ലെന്നും ഇദ്ദേഹം പറയുന്നു.
ഇപ്പോൾ മറ്റൊരു കാര്യമറിയാനാണ് ഇദ്ദേഹം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അന്ന് റെയില്‍വേ സ്റ്റേഷനില്‍ നില്ക്കുമ്പോള് തനിക്ക് അല്പം അകലെയായി നിന്നിരുന്ന കോളജ് വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ നിന്ന് ഒരു കുടയുടെ മറപിടിച്ച് തെൻറചിത്രം പകര്‍ത്തി സമൂഹ മാധ്യമത്തിലിട്ട ആ രസികന്‍ ആരെന്നറിയാനുള്ള താൽപര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.