ഗുരു ലക്ഷ്യമിട്ടത് കാലദേശാതീതമായ ആത്മീയത –പ്രധാനമന്ത്രി
text_fieldsശിവഗിരി: കാലദേശാതീതമായ ആത്മീയതയാണ് ശ്രീനാരായണഗുരു ലക്ഷ്യമിട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 85ാമത് ശിവഗിരി തീർഥാടന സമ്മേളനം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഒരുവിഭാഗത്തിന് മാത്രം പരിമിതപ്പെടുത്തിയിരുന്ന ആരാധനയും പൂജയും ഗുരു എല്ലാവർക്കുമായി മാറ്റി. ആദിശങ്കരെൻറ അദ്വൈതസിദ്ധാന്തത്തെ ജനകീയമാക്കി. ശിവഗിരി തീർഥാടനം ഭാരതത്തിന് മാതൃകയാവുന്ന ആത്മീയ കർമപദ്ധതിയാണ്. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഗുരു ഉദ്ബോധിപ്പിച്ചു. സംഘടനയിലൂടെ നേടേണ്ടത് രാജ്യ പുനർനിർമാണവും ദേശീയതയുമാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
മുസ്ലിംസ്ത്രീ കാലങ്ങളായി അനുഭവിക്കുന്ന പ്രതിസന്ധിയിൽനിന്നുള്ള മോചനമാണ് മുത്തലാഖ് നിരോധനത്തിലൂടെ സാധ്യമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശസംരക്ഷണത്തിന് രാജ്യം നടത്തിയ മഹത്തായ കാൽവെപ്പാണിത്. മുത്തലാഖിെൻറ പേരിൽ മുസ്ലിം സഹോദരിമാരും അമ്മമാരും എത്രയോ കാലമായി കഷ്ടപ്പെടുകയാണെന്ന് എല്ലാവർക്കുമറിയാം. സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതിയ ജ്യോതിബാ ഫുലേ, സാവിത്രീ ബായീ, രാജാറാം മോഹൻറോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, ദയാനന്ദ സരസ്വതി തുടങ്ങിയവരുടെ ആത്മാക്കൾ സർക്കാർ നീക്കത്തിൽ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും. 2018ൽ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും അേദ്ദഹം പറഞ്ഞു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു.
കേന്ദ്രമന്ത്രി ശ്രീപദ് വൈ. നായിക്, എം.എ. യൂസുഫലി, ബി.ആർ. ഷെട്ടി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, റിച്ചാർഡ് ഹേ എം.പി, അഡ്വ. വി. ജോയി എം.എൽ.എ, യു.എ.ഇയിലെ മുൻ ഇന്ത്യൻ അംബാസഡർ ടി.പി. സീതാറാം, കെ. മുരളീധരൻ എന്നിവർ സംസാരിച്ചു. തീർഥാടന കമ്മിറ്റി ചെയർമാൻ സ്വാമി ശിവസ്വരൂപാന്ദ സ്വാഗതവും മുംബൈ സുരേഷ്കുമാർ നന്ദിയും പറഞ്ഞു. ഗുരുരത്ന പുരസ്കാരം എം.എ. യൂസുഫലിക്കും ബി.ആർ. ഷെട്ടിക്കും സ്വാമി വിശുദ്ധാനന്ദ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.