പ്രധാനമന്ത്രി കേരളത്തിലേക്ക്
text_fieldsതിരുവനന്തപുരം: ഒാഖി ദുരന്തത്തിനിരയായവരെ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. തിങ്കളാഴ്ച രാത്രി വൈകി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി അവിടെ തങ്ങിയശേഷം ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോകും. തുടർന്ന് പത്തുമണിയോടെ കവരത്തിയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും. അവിടെനിന്ന് ഉച്ചക്ക് 1.50ഒാടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. തുടർന്ന് കന്യാകുമാരിയിലേക്ക് പോകും.
2.45ന് കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും. 4.45ഒാടെ തിരുവനന്തപുരം വിമാനത്താവളത്തിൽ മടങ്ങിയെത്തുന്ന മോദി അഞ്ചിന് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കളെ സന്ദർശിക്കും. ചൊവ്വാഴ്ച 6.05ഒാടെ ഡൽഹിക്ക് മടങ്ങുമെന്നാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്.
എന്നാൽ, തിരുവനന്തപുരത്ത് വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിൽ ഒരിടത്ത് മാത്രമാകും പ്രധാനമന്ത്രി സന്ദർശനം നടത്തുകയെന്നാണ് വിവരം. എസ്.പി.ജി സംഘവും ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലെ പൊലീസും സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഞായറാഴ്ച ഉന്നതതല യോഗം ചേരുന്നുണ്ട്. അതിനുശേഷമാകും എവിടെയാകും സന്ദർശനമെന്ന കാര്യത്തിൽ തീരുമാനമാകുക. പൂന്തുറ സന്ദർശനത്തിനായി തെരഞ്ഞെടുക്കാനാണ് സാധ്യത.
ഒാഖി കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലത്തീൻ കത്തോലിക്കസഭയും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെ രാഷ്ട്രീയപാർട്ടികളും ആവശ്യം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മോദി കേരളത്തിലെത്തുന്നത്.
ഒാഖി ദുരന്തമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും മോദി എത്താത്തതും മുഖ്യമന്ത്രിയെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാത്തതും വിമർശനങ്ങൾക്ക് വഴിെവച്ചിരുന്നു. എ.െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് വിഴിഞ്ഞം, പൂന്തുറ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.
മോദി കേരളം സന്ദർശിക്കണമെന്ന് ബി.ജെ.പി കേരളഘടകവും ആവശ്യപ്പെട്ടിരുന്നു. ലത്തീൻ കത്തോലിക്ക സഭാ നേതൃത്വവും ഇൗ ആവശ്യം ഉന്നയിച്ചിരുന്നു. ആ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.