പ്രധാനമന്ത്രി കേരളത്തിൽ; ഉച്ചയോടെ ചൂരൽമലയിൽ
text_fieldsകണ്ണൂർ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിമാനത്തിൽ അനുഗമിച്ചു. സ്വീകരണത്തിന് ശേഷം 11.17ന് പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവർ അതേ ഹെലികോപ്റ്ററിൽ പ്രധാന മന്ത്രിയെ അനുഗമിച്ചു.
വ്യോമനിരീക്ഷണത്തിന് ശേഷം ഉച്ചക്ക് 12.15ഓടെ അദ്ദേഹം ദുരന്തമുണ്ടായ സ്ഥലങ്ങളിൽ സന്ദർശനം നടത്തും. ആശുപത്രിയിലും ദുരതാശ്വാസ ക്യാമ്പുകളിലും കഴിയുന്നവരുമായും പ്രധാനമന്ത്രി സംസാരിക്കും.
തുടർന്ന് വയനാട് കലക്ട്രേറ്റിൽ നടക്കുന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. 3.15ഓടെ വയനാട്ടിൽ നിന്നും മടങ്ങി വൈകീട്ട് 3.55ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് പോകും. പ്രധാനമന്ത്രിക്ക് മുന്നിൽ 2000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.