പ്രധാനമന്ത്രിയുടെ സന്ദർശന പ്രചാരണ ബോർഡ് നീക്കി; കോർപറേഷൻ കവാടത്തിൽ സ്ഥാപിച്ച് ബി.ജെ.പി പ്രതിഷേധം
text_fieldsതൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ പ്രചാരണാർഥം സ്വരാജ് റൗണ്ടില്‍ സ്ഥാപിച്ച ബോർഡുകൾ കോർപറേഷൻ അധികൃതര്‍ അഴിച്ചുമാറ്റി. ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ അഴിച്ച ബോർഡുകൾ തിരികെ കെട്ടി. സംഭവത്തില്‍ പ്രതിഷേധിച്ച് കോർപറേഷൻ കവാടത്തില്‍ ബോർഡ് സ്ഥാപിച്ച് ബി.ജെ.പി പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ട് സ്വരാജ് റൗണ്ടിലെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ബോർഡുകൾ എടുത്തുമാറ്റാൻ കോർപറേഷൻ ആരോഗ്യവിഭാഗം അധികൃതർ ആരംഭിച്ചതോടെ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. അപകടകരമായി സ്ഥാപിച്ചിരുന്ന ബോർഡുകളാണ് മാറ്റുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
വിവരമറിഞ്ഞ് ബി.ജെ.പി ജില്ല അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ബോർഡ് അഴിക്കുന്നത് തടഞ്ഞ് പ്രതിഷേധിച്ചതോടെ കോർപറേഷൻ ഈ ശ്രമത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. ഒടുവില്‍ അഴിച്ച ബോർഡുകൾ പ്രവര്‍ത്തകര്‍ തിരികെ കെട്ടി. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇതിനിടെ സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് ഇടപെട്ട് നേതാക്കളുമായി സംസാരിച്ചു. ബോർഡ് അഴിക്കാനെത്തിയ ആരോഗ്യവിഭാഗം അധികൃതരെ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.