പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
text_fieldsകൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് നേവൽ ബേസ്, വാത്തുരുത്തി, ബി.ഒ.ടി ഈസ്റ്റ്, തേവര ഫെറി ജങ്ഷൻ, കുണ്ടന്നൂർ, സീപോർട്ട്- എയർപോർട്ട് റോഡ് എന്നീ ഭാഗങ്ങളിൽ ഞായറാഴ്ച ഉച്ചക്ക് 12 മുതൽ രാത്രി ഏഴുവരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
എറണാകുളം നഗരത്തിൽനിന്ന് പശ്ചിമ കൊച്ചിയിലേക്കുപോകേണ്ട വാഹനങ്ങൾ എസ്.എ റോഡ്, വൈറ്റില, കുണ്ടന്നൂർ മേൽപാലം, അരൂർ, ഇടക്കൊച്ചി വഴി പോകണം. പശ്ചിമ കൊച്ചിയിൽനിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ഇടക്കൊച്ചി, അരൂർ വഴി പോകണം. എറണാകുളം നഗരത്തിൽനിന്ന് പശ്ചിമ കൊച്ചിയിലേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾക്ക് ഗോശ്രീ റോഡ്, വൈപ്പിൻ വഴിയുള്ള ജങ്കാർ സർവിസ് എന്നിവ പ്രയോജനപ്പെടുത്താം.
സീപോർട്ട്- എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം ഉള്ളതിനാൽ കളമശ്ശേരി, കാക്കനാട് എന്നീ ഭാഗങ്ങളിൽനിന്ന് ഈ റോഡിലൂടെ തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാക്കനാട് സിഗ്നൽ ജങ്ഷനിൽനിന്ന് പാലാരിവട്ടം ബൈപാസിലെത്തി യാത്ര തുടരണം. കാക്കനാട് പാർക്ക് െറസിഡൻസി ഹോട്ടലിന് മുന്നിലുള്ള റോഡിലൂടെ യാത്ര ചെയ്യേണ്ടവരും ഇതുവഴി പോകണം.
കരിമുകൾ ജങ്ഷനിൽ അമ്പലമുകൾ ഭാഗത്തേക്ക് നിയന്ത്രണമുള്ളതിനാൽ ആലുവ- പെരുമ്പാവൂർ- വണ്ടർലാ- പള്ളിക്കര ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങൾ കരിമുകൾ ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പീച്ചിങ്ങാച്ചിറ ജങ്ഷനിലെത്തി അവിടെനിന്നും പുത്തൻകുരിശ് വഴി തിരുവാങ്കുളത്തെത്തി യാത്ര തുടരണം.
പീച്ചിങ്ങാച്ചിറ ജങ്ഷനിൽനിന്ന് കരിമുകൾ ഭാഗത്തേക്കും ഹിൽപാലസിന് മുന്നിൽനിന്ന് അമ്പലമുകൾ ഭാഗത്തേക്കും കരിങ്ങാച്ചിറ ജങ്ഷനിൽനിന്ന് ഇരുമ്പനം ജങ്ഷൻ ഭാഗത്തേക്കും എരൂർ ഭാഗത്തുനിന്ന് ഇരുമ്പനം ഭാഗത്തേക്കും ഗതാഗതം അനുവദിക്കില്ല.
എരൂർ ഭാഗത്തുനിന്ന് എസ്.എൻ ജങ്ഷനിലേക്ക് വരുന്നവർ ഇവിടെനിന്ന് കിഴക്കേ കോട്ടയിലെത്തി യാത്ര തുടരണം. എസ്.എൻ ജങ്ഷൻ ഭാഗത്തുനിന്ന് സീപോർട്ട് എയർപോർട്ട് റോഡ്, കരിങ്ങാച്ചിറ, ഇരുമ്പനം ജങ്ഷൻ, അമ്പലമുകൾ എന്നീ ഭാഗങ്ങളിലേക്ക് ഗതാഗതം അനുവദിക്കില്ല. തിരുവാങ്കുളം ഭാഗത്തു നിന്ന് കാക്കനാട്, എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കിഴക്കേകോട്ട മിനി ബൈപാസ്, വൈറ്റിലവഴി തിരിഞ്ഞുപോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.