പ്രിൻസ് സെബാസ്റ്റ്യൻ വീടണഞ്ഞു; 150ലേറെ ഇന്ത്യക്കാർ യുദ്ധമുഖത്ത്
text_fieldsആറ്റിങ്ങൽ: തൊഴിൽ തേടിപ്പോയി റഷ്യയിൽ യുദ്ധമുഖത്ത് അകപ്പെട്ട അഞ്ചുതെങ്ങ് കുരിശ്ശടിമുക്കിന് സമീപം കൊപ്രക്കൂട്ടിൽ സെബാസ്റ്റ്യൻ-നിർമല ദമ്പതികളുടെ മകൻ പ്രിൻസ് (24) വീട്ടിൽ തിരിച്ചെത്തി.
മോസ്കോയിൽനിന്ന് തിങ്കളാഴ്ച പുലർച്ച മൂന്നരയോടെ ഡൽഹി എയർപോർട്ടിൽ എത്തിയ പ്രിൻസ് ചൊവ്വാഴ്ച രാത്രി വിമാനത്തിൽ ബുധനാഴ്ച പുലർച്ച മൂന്നോടെ തിരുവനന്തപുരത്ത് എത്തി. ഔദ്യോഗികരേഖകളുടെ അഭാവത്തിൽ എംബസി ലഭ്യമാക്കിയ പ്രത്യേക പെർമിറ്റ് വഴിയെത്തിയതിനാൽ രാത്രിയാണ് പ്രിൻസിന് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞത്. തുടർന്ന് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സി.ബി.ഐ സംഘത്തിന് ഒപ്പം പോയി. അവരുടെ തെളിവെടുപ്പുകൾക്ക് ശേഷമാണ് ബുധനാഴ്ച പുലർച്ച വീട്ടിലെത്താൻ കഴിഞ്ഞത്.
ഇയാൾക്കൊപ്പം റഷ്യയിൽ പോയ അഞ്ചുതെങ്ങ് സ്വദേശികളായ പനിയടിമ-ബിന്ദു ദമ്പതികളുടെ മകൻ ടിനു (25), പനിയമ്മ-സിൽവ ദമ്പതികളുടെ മകൻ വിനീത് (23) എന്നിവർ ഇപ്പോഴും യുദ്ധഭൂമിയിലാണ്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഒന്നുമായിട്ടില്ല. വിനീത് സൈനികക്യാമ്പിൽനിന്ന് പ്രിൻസിനെ പലപ്പോഴായി വിളിച്ചിരുന്നു.
എന്നാൽ, ടിനുവിനെക്കുറിച്ച് ഒരുവിവരവുമില്ല. ഇവർക്കൊപ്പം യുദ്ധമുഖത്ത് പെട്ട മലയാളിയായ ഡേവിഡ് ഡൽഹിയിൽനിന്ന് ബുധനാഴ്ച രാത്രിയോടെ മടങ്ങിയെത്തി. മോസ്കോയിൽനിന്ന് ഡൽഹിയിൽ ആദ്യം എത്തിയത് ഇയാളായിരുന്നു. യാത്ര െട്രയിനിൽ ആയതിനാൽ ഒരു ദിവസം കൂടി വൈകുകയായിരുന്നു. ജനപ്രതിനിധികൾ വഴിയും നോർക്ക വഴിയും കേന്ദ്ര സർക്കാറിലും എംബസിയിലും ചെലുത്തിയ സമ്മർദത്തിലാണ് ഇവർ നാട്ടിലെത്തിയത്. യുവാക്കളെ കൊണ്ടുപോയ വ്യാജ റിക്രൂട്ടിങ് ഏജൻസിക്കെതിരായ സി.ബി.ഐ അന്വേഷണം തുടരുകയാണ്.
യുദ്ധഭൂമിയിൽനിന്ന് മകനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് പ്രിൻസിന്റെ കുടുംബം. അതേസമയം, നിലവിൽ യുദ്ധഭൂമിയിലുള്ള വിനീതും ടിനുവും പ്രിൻസിന്റെ ബന്ധുക്കളും നാട്ടുകാരുമാണ്. അവരെക്കുറിച്ചുള്ള ആശങ്കയും വർധിച്ചിട്ടുണ്ട്. നൂറ്റമ്പതിലേറെ ഇന്ത്യക്കാർ ഇപ്പോഴും യുദ്ധമുഖത്തുെണ്ടന്നാണ് പ്രിൻസ് പറയുന്നത്.
ജീവൻ തിരികെ പിടിച്ചത് അര സെന്റി മീറ്റർ വ്യത്യാസത്തിൽ
ആറ്റിങ്ങൽ: യുദ്ധമുഖത്ത് അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യന് ജീവൻ തിരിച്ചുകിട്ടിയത് അര സെ.മീറ്റർ വ്യത്യാസത്തിൽ. ചതിയിൽ റഷ്യയിൽ യുദ്ധമുഖത്തെത്തിയ പ്രിൻസ് 23 ദിവസത്തെ പരിശീലനത്തിനുശേഷമാണ് യുദ്ധ ടാങ്കിൽ നിയോഗിക്കപ്പെട്ടത്. യുെക്രയ്ൻ പോരാളികളോട് മുഖാമുഖം കണ്ട ദിവസം തന്നെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. യുദ്ധഭൂമിയിൽ മൃതദേഹങ്ങൾക്കിടയിലൂടെ മുന്നിൽ കാണുന്നവരെ വെടിവെച്ചുകൊല്ലാൻ നിർബന്ധിതരാകുകയായിരുന്നു. യുദ്ധടാങ്കിൽ ഇരിക്കവെ ആദ്യ വെടിയുണ്ട പ്രിൻസിന്റെ മുഖത്തിന്റെ ഇടതുവശത്തായാണ് ഏറ്റത്.
തലയോട്ടിയിൽ ഉരസി മുഖത്തെ മാംസമുൾപ്പെടെ തെറിച്ചുപോയി. അര സെ.മീറ്റർ ഉള്ളിലോട്ട് ആയിരുന്നെങ്കിൽ വെടിയുണ്ട തലയോട്ടി തുളക്കുമായിരുന്നു. വെടിയേറ്റ പ്രിൻസ് ഒരു മണിക്കൂറോളം നിലത്ത് കിടന്നു. തലക്ക് മൊത്തത്തിൽ പെരുപ്പ് അനുഭവപ്പെട്ടതിനാൽ എന്തുചെയ്യണമെന്നോ എവിടെയാണെന്നോ അറിയാത്ത അവസ്ഥ. അതിനിടയിൽ ഡ്രോൺ ആക്രമണത്തിൽ കാലിനും ഗുരുതര പരിക്കേറ്റു. ആദ്യം വെടിവെപ്പുണ്ടായപ്പോൾ തന്നെ വിനീത് ഉൾപ്പെടെയുള്ള സഹസൈനികർ സമീപത്തെ കുഴിയിലേക്ക് ചാടിയിരുന്നു. ഡ്രോൺ ആക്രമണത്തിനുശേഷം പ്രിൻസും നിരങ്ങിനീങ്ങി കുഴിക്കുള്ളിലിറങ്ങി ഭൂഗർഭതുരങ്കം വഴി രക്ഷപ്പെടുകയായിരുന്നു. തുരങ്കത്തിലൂടെ മൂന്ന് കിലോമീറ്ററോളം താണ്ടിയാണ് റഷ്യൻ സൈനികോദ്യോഗസ്ഥരുള്ള സ്ഥലത്തെത്തിയത്. ഇവിടെനിന്ന് വാക്കിടോക്കിയിലൂടെ നിർദേശം നൽകിയതനുസരിച്ച് സ്ട്രച്ചറെത്തിച്ച് ഇവരെ രക്ഷിക്കുകയായിരുന്നു. തുടർന്ന്, റഷ്യൻ സൈനിക ആശുപത്രിയിലാണ് എത്തിച്ചത്. തലയിലും ദേഹത്തുമായി 18 മുറിവുകളുണ്ടായിരുന്നു. ഒരുമാസത്തേക്ക് ലീവ് അനുവദിച്ചതിനെ തുടർന്നാണ് മോസ്കോയിൽ മടങ്ങിയെത്തിയത്. മോസ്കോയിൽ നിന്ന് വീട്ടുകാരുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ഇവർ യുദ്ധഭൂമിയിലാണെന്ന വിവരം നാട്ടിലറിഞ്ഞത്. ദേഹത്തെ മുറിവുകൾ ഏറക്കുറെ ഉണങ്ങിയെങ്കിലും തലയിൽ പെരുപ്പും വേദനയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.