നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്: പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തി
text_fieldsആലപ്പുഴ: എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് എം.എസ്.എം കോളജ് മാനേജ്മെന്റും പ്രിൻസിപ്പലും നൽകിയ പരാതിയെ തുടർന്ന് കോളജിലെത്തിയ കായംകുളം പൊലീസ്, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹയുടെ മൊഴി രേഖപ്പെടുത്തി. നിഖിൽ തോമസ് സമർപ്പിച്ച രേഖകൾ വ്യാജമാണെങ്കിൽ നടപടി സ്വീകരിക്കണമെന്നാണ് പ്രിൻസിപ്പലിന്റെ പരാതിയിൽ പറയുന്നത്. വിദ്യാർഥി സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കലിംഗ സർവകലാശാലയിലേക്ക് പുറപ്പെട്ടു.
നിഖിൽ ഹാജരാക്കിയ മുഴുവൻ രേഖകളുടെ പകർപ്പും കേരള സർവകലാശാല കലിംഗക്ക് ചൊവ്വാഴ്ച മെയിൽ വഴി കൈമാറി. അതേകാലയളവിൽ നിഖിൽ തോമസ് കേരള സർവകലാശാലയിൽ പഠിച്ചതിന്റെ തെളിവുകളും കൈമാറി. നിജസ്ഥിതി അറിയിക്കണമെന്ന് കേരള സർവകലാശാല കലിംഗയോട് ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞാൽ കലിംഗയും നിയമനടപടി തുടങ്ങും. കലിംഗക്ക് കേരളത്തിൽ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിഖിൽ തോമസ് എന്ന വിദ്യാർഥി അവിടെ പഠിച്ചിട്ടില്ലെന്ന് സർവകലാശാല തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു.
സി.പി.എം ജില്ല കമ്മിറ്റിയിൽ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച ആലപ്പുഴയിലെത്തിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിഷയത്തിൽ പ്രതികരിക്കാൻ തയാറായില്ല. നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് കൊടും ചതിയാണെന്ന് സി.പി.എം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി ഉണ്ടാകും. പാർട്ടിക്ക് വലിയ പേരുദോഷമാണ് നിഖിൽ ഉണ്ടാക്കിയതെന്നും അരവിന്ദാക്ഷൻ പറഞ്ഞു.
സമഗ്ര പരിശോധന നടത്തുന്നു -പ്രിൻസിപ്പൽ
കായംകുളം: എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് പ്രവേശനം നൽകിയത് സംബന്ധിച്ച് സമഗ്രമായ പരിശോധന നടന്നുവരുകയാണെന്ന് എം.എസ്.എം കോളജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയം അഞ്ചംഗ സമിതി പഠിക്കുകയാണ്. എന്നിട്ടേ കൂടുതൽ പറയാനാകൂ. നിഖിൽ തോമസിനെ സംബന്ധിച്ച് വിദ്യാർഥി സംഘടനകൾ നൽകിയ വിവരാവകാശ അപേക്ഷയിൽ മറുപടി നൽകുന്നതിൽ നിയമപരമായ തടസ്സങ്ങളുണ്ടായിരുന്നു. വ്യക്തിഗത വിവരങ്ങൾ സംബന്ധിച്ച ചോദ്യങ്ങളായതിനാലാണ് നൽകാതിരുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.