നാഥനില്ലാ കളരിയായി അച്ചടിവകുപ്പ്; തെരഞ്ഞെടുപ്പ് അച്ചടി പ്രതിസന്ധിയിൽ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു. 'തലപ്പത്ത്' ആളില്ലാതായതോടെ 140 മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പർ, നാമനിർദേശപത്രിക, സ്ലിപ്പുകൾ, തെരഞ്ഞെടുപ്പ് കമീഷെൻറ പോസ്റ്ററുകൾ എന്നിവയുടെ അച്ചടിയും പോസ്റ്റൽ കവർ നിർമാണവും യന്ത്രസമാഗ്രികളുടെ വാങ്ങലും അവതാളത്തിലായി. ഫെബ്രുവരി 26ന് അച്ചടിവകുപ്പ് ഡയറക്ടർ എ. ജയിംസ് രാജ് വിരമിച്ചതോടെ അഡീഷനൽ സെക്രട്ടറി പി.ജി. ഉണ്ണികൃഷ്ണനെ ഡയറക്ടറായി നിയമിെച്ചങ്കിലും സ്ഥാനമേറ്റെടുക്കാതെ അദ്ദേഹം അവധിയിൽ പ്രവേശിച്ചതാണ് പ്രതിസന്ധിക്ക് കാരണം.
തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് വകുപ്പിെൻറ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതും ജീവനക്കാരെ വിന്യസിക്കേണ്ടതും അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറാണ്. എന്നാൽ ഏറെ നാളായി ഈ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയിട്ടില്ല. പകരം ജൂനിയർ ഉദ്യോഗസ്ഥർക്കാണ് താൽക്കാലിക ചുമതല. ഇവരുടെ പരിചയക്കുറവ് തെരഞ്ഞെടുപ്പ് അച്ചടിപ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായാണ് കമീഷെൻറ വിലയിരുത്തൽ.
അച്ചടി അനുബന്ധ സാമഗ്രികൾ വാങ്ങിയ ഇനത്തിൽ നാലു കോടിയുടെ ബില്ലുകൾ മാർച്ച് 31ന് മുമ്പ് മാറി നൽകാനുണ്ട്. ഡയറക്ടർ ചുമതല ഏൽക്കാത്തതിനാൽ ഈ ബിൽ മാറാൻ സാധിച്ചിട്ടില്ല. പുറമെ തെരഞ്ഞെടുപ്പ് അച്ചടിയുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപ അധികമായി സർക്കാറിനോട് ആവശ്യപ്പെടേണ്ടതുണ്ട്. ഇൗ ഫയലും സെക്ഷനുകളിൽ നിന്ന് നീങ്ങിയിട്ടില്ല. തിരുവനന്തപുരം സെൻട്രൽ പ്രസ്, മണ്ണന്തല ഗവ. പ്രസ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് കമീഷെൻറ അച്ചടികൾ നടക്കുന്നത്.
മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പ് ജോലി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ജീവനക്കാരുടെ അദർ ഡ്യൂട്ടി/ട്രാൻസ്ഫർ ഉത്തരവുകൾ ഇറക്കാറുണ്ട്. എന്നാൽ ഡയറക്ടർ ഇല്ലാത്തതിനാൽ ശിപാർശ പോലും സർക്കാറിലേക്കോ കമീഷനിലേക്കോ നൽകാനായിട്ടില്ല.
തെരഞ്ഞെടുപ്പ് അച്ചടി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഡയറക്ടർ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് തസ്തികയിലേക്ക് എത്രയും വേഗം നിയമനം നടത്തണമെന്ന് ട്രേഡ് യൂനിയനുകളും സർവിസ് സംഘടനകളും സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.