മുൻഗണനാ കാർഡുകൾ തിരിച്ചേൽപിക്കാനുള്ള അവസരം മാർച്ച് 31 വരെ
text_fieldsതിരുവനന്തപുരം: പലതവണ സൗകര്യം നൽകിയിട്ടും മുൻഗണനാ കാർഡുകൾ സ്വമേധയാ മടക്കിനൽകാത്തവർക്ക് മാർച്ച് 31ന് ശേഷം അവസരമുണ്ടാകില്ലെന്ന് മന്ത്രി ജി.ആർ. അനിൽ. മാർച്ച് 31ന് ശേഷം ഉദ്യോഗസ്ഥർ കാർഡുകൾ തിരികെ നൽകാത്തവരുടെ പട്ടിക തയാറാക്കും. അനർഹമായി കാർഡ് കൈവശമുള്ളവരുടെ പേരിൽ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും.
ഈ സർക്കാറിന്റെ കാലത്ത് ഇതുവരെ 1,92,127 റേഷൻ കാർഡുകളാണ് അനുവദിച്ചത്. അനർഹമായി കൈവശംവെച്ച 1,69,291 കാർഡുടമകൾ സ്വമേധയാ കാർഡ് തിരിച്ചേൽപിച്ചെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 15ന് മുഖ്യമന്ത്രി പിണറായി വിജയൻ അയ്യൻകാളി ഹാളിൽ നിർവഹിക്കും. റേഷൻകടകളുടെ ഓൺലൈൻ പരിശോധന സാധ്യമാക്കുന്നതിനായി എഫ്.പി.എസ് മൊബൈൽ ആപ് സംവിധാനം, സിവിൽ സപ്ലൈസ് വകുപ്പിന് കീഴിലുള്ള 101 ഓഫിസുകൾ പൂർണമായും ഇ-ഓഫിസിലേക്ക് മാറൽ, വാതിൽപടി വിതരണം നടത്തുന്ന വാഹനങ്ങളിൽ ജി.പി.എസ് ട്രാക്കിങ് സംവിധാനം എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. കഴിഞ്ഞ സംഭരണവർഷം 27 രൂപ 48 പൈസ നിരക്കിൽ 2,52,160 കർഷകരിൽനിന്ന് 7.65 ലക്ഷം മെട്രിക്ക് ടൺ നെല്ല് സംഭരിച്ച് അതിന്റെ വിലയായ 2101.89 കോടി രൂപ കർഷകർക്ക് നൽകി. 2021-22 സംഭരണവർഷം ഇതുവരെ 2.45 ലക്ഷം മെട്രിക്ക് ടൺ നെല്ല് 96,840 കർഷകരിൽനിന്ന് സംഭരിക്കുകയും നെല്ലിന്റെ വിലയായി 622 കോടി രൂപ കർഷകർക്ക് നൽകിയെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ ഉൽപന്നങ്ങൾ ഓൺലൈനിലൂടെ ഹോംഡെലിവറിയായി ലഭ്യമാക്കുന്നതിന് സപ്ലൈകോ കേരള എന്ന മൊബൈൽ ആപ് പ്ലേ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.