ജയിലിലെ ആത്മഹത്യ: പൊലീസിന്റെ വീഴ്ച അന്വേഷിക്കുന്നു
text_fieldsകോഴിക്കോട്: മധ്യവയസ്കൻ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിെൻറ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കുന്നു. രഹസ്യാന്വേഷണ വിഭാഗമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. മാങ്കാവ് കുറ്റിയില്‍ താഴം കരിമ്പൊയില്‍ എ.കെ. ബീരാൻ കോയയാണ് (61) കഴിഞ്ഞ ദിവസം പുലർച്ച കോഴിക്കോട് സബ് ജയിലില്‍ തൂങ്ങിമരിച്ചത്.
ബീരാന്‍കോയക്കെതിരെ സ്ത്രീ പരാതി നൽകിയയുടൻ മതിയായ അന്വേഷണം നടത്താതെ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് പൊലീസിെൻറ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നന്വേഷിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായ രീതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച പ്രാഥമിക വിവരം.
സ്ത്രീയുടെ പരാതിയെ തുടർന്ന് കേസെടുത്ത് നിയമം അനുശാസിക്കുന്ന രീതിയില്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നത്രെ. അതേസമയം, അന്വേഷിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പാലാഴിയിലെ തെൻറ വീട്ടുപറമ്പിലെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വിരോധം മൂലം വ്യാജ പരാതി നല്കുകയായിരുെന്നന്നാണ് ആരോപണം.
പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് പരാതിക്കാരിയുടെ ഭർത്താവുൾപ്പെടെയുള്ളവർ ബീരാന്‍കോയയെ മര്‍ദിച്ചിരുന്നു. ഇതിനെതിരെ പരാതി നല്‍കുന്നത് തടയാന്‍ ബീരാന്‍കോയക്കെതിരെ സ്ത്രീയെ അപമാനിച്ചു എന്നുകാട്ടി പരാതി നല്കുകയായിരുന്നത്രെ. അതേസമയം, ജയിലിലെ ആത്മഹത്യയിൽ ഉത്തരമേഖല ജയില്‍ ഡി.ഐ.ജി എം.കെ. വിനോദ് കുമാറും അന്വേഷണം നടത്തുന്നുണ്ട്.
സൂപ്രണ്ടിനെ സ്ഥലംമാറ്റാൻ ശിപാർശ
കോഴിക്കോട്: മധ്യവയസ്കൻ കോഴിക്കോട് സബ് ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെ സ്ഥലംമാറ്റാൻ ശിപാർശ. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രിസൺ ഓഫിസറെ സസ്പെൻഡ് ചെയ്യാനും മറ്റൊരാളെ ചീമേനി ജയിലിലേക്ക് സ്ഥലംമാറ്റാനും ഉത്തരമേഖല ജയില്‍ ഡി.ഐ.ജി എം.കെ. വിനോദ് കുമാർ ശിപാർശ ചെയ്തു.
ജീവനക്കാർക്ക് നോട്ടക്കുറവുണ്ടായതായി ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.