തടവുകാരിൽ ആത്മഹത്യപ്രവണത കൂടി; സെല്ലുകളിൽ കൊതുകുതിരിയടക്കം വിലക്കി ജയിൽ വകുപ്പ്
text_fieldsകോഴിക്കോട്: തടവുകാർക്കിടയിൽ ആത്മഹത്യപ്രവണത വർധിച്ചതോടെ സെല്ലുകളിൽ കൊതുകുതിരിയടക്കം വിലക്കി ജയിൽ വകുപ്പ്. ജയിൽ ചട്ടത്തിൽ അനുശാസിക്കാത്ത ഒരു സാധനവും തടവുകാരുടെ കൈകളിലെത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിറക്കിയതോടെ പരിശോധനയും കർശനമാക്കി.
സെല്ലുകളിൽ കഴിയുന്ന പ്രതികളിൽ കൊതുകുതിരി, സാനിറ്റൈസർ നിർമാണത്തിനുപയോഗിക്കുന്ന ആൽക്കഹോൾ, ടവ്വൽ, ആണി, മൂർച്ചയുള്ള കമ്പി എന്നിവയടക്കം ഉപയോഗിച്ചുള്ള ആത്മഹത്യശ്രമം പതിവാണ്. ഇതോടെയാണ് ഇവയൊന്നും സെല്ലുകളിലെത്തരുതെന്ന് നിർദേശിച്ചത്. പ്രാഥമികാവശ്യങ്ങൾക്കും മറ്റും പുറത്തിറങ്ങി തിരികെ സെല്ലുകളിലേക്ക് പോകുമ്പോൾ ഇത്തരം വസ്തുക്കൾ കൈവശമില്ലെന്ന് വാർഡൻമാർ ഉറപ്പാക്കണം. ജയിലുകളിലെ ആത്മഹത്യ വിലയിരുത്തിയ ദേശീയ മനുഷ്യാവകാശ കമീഷൻ അവ തടയാൻ നടപടി വേണമെന്ന് സംസ്ഥാന സർക്കാറുകളോടുമാവശ്യപ്പെട്ടിരുന്നു. ഇതിെൻറയടിസ്ഥാനത്തിൽ ജയിൽ വകുപ്പ് ആത്മഹത്യപ്രതിരോധ നിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും പൂർണമായും ഫലം കണ്ടിട്ടില്ല. വിചാരണത്തടവുകാരുൾപ്പെടെ 12 പേരാണ് കഴിഞ്ഞവർഷം സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ആത്മഹത്യ ചെയ്തത്. കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാംപ്രതി ജോളി ജോസഫ് ഉൾപ്പെടെ 20ലേറെ പേർ ആത്മഹത്യക്ക് ശ്രമിക്കുകയുമുണ്ടായി. ഈ വർഷവും മരണങ്ങളുണ്ട്.
ഒറ്റപ്പെട്ടെന്ന തോന്നലിനാലുള്ള വിഷാദമാണ് പലപ്പോഴും തടവുകാരുടെ ആത്മഹത്യശ്രമത്തിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നവർ ജയിലിലെത്തുന്നതോടെ ലഹരി കിട്ടാതെ പെട്ടെന്ന് മാനസിക വിഭ്രാന്തി കാട്ടി ആത്മഹത്യക്ക് ശ്രമിക്കുന്നുമുണ്ട്. ജയിൽ വാർഡൻമാർ തടവുകാർക്ക് മാനസിക പിന്തുണ നൽകണമെന്നും മനോരോഗ വിദഗ്ധരെ നിയോഗിച്ച് കൗൺസലിങ് നൽകുകയും ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.