ലക്ഷദ്വീപിൽ 100 പേരെ ഉൾക്കൊള്ളുംവിധം ജയിലുകൾ വിപുലീകരിക്കുന്നു; പ്രതിഷേധങ്ങൾ അടിച്ചമർത്താനെന്ന് നാട്ടുകാർ
text_fieldsകൊച്ചി: കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ ലക്ഷദ്വീപിൽ ജയിൽ സൗകര്യങ്ങൾ വർധിപ്പിക്കാൻ പദ്ധതിയുമായി ഭരണകൂടം. കഴിഞ്ഞ തവണത്തെ സന്ദർശനത്തിലാണ് ജയിലുകളിൽ കൂടുതലാളുകളെ ഉൾക്കൊള്ളാനാകുംവിധം സൗകര്യം വർധിപ്പിക്കാൻ രൂപരേഖ തയാറാക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ നിർദേശം നൽകിയത്.
ജയിൽ ഐ.ജി എന്ന പുതിയ തസ്തിക സൃഷ്ടിച്ച് കലക്ടർ അസ്കർ അലിക്ക് ചുമതല നൽകിയത് ഇതിെൻറ ഭാഗമാണെന്നാണ് വിലയിരുത്തൽ. നിലവിലെ നാല് ജയിലിൽ മൂന്നും തടവുകാരില്ലാതെ അടഞ്ഞുകിടക്കുമ്പോഴാണ് പുതിയ പദ്ധതി. കവരത്തി, ആന്ത്രോത്ത്, മിനിക്കോയ്, അമിനി എന്നിവിടങ്ങളിലാണ് ജയിലുകളുള്ളത്.
കവരത്തി ജയിലില്‍ 16 പേര്‍ക്കും മറ്റ് ജയിലുകളില്‍ 10 പേര്‍ക്ക് വീതം കഴിയാവുന്ന നാല് സെല്ലുകളാണ് ഇപ്പോഴുള്ളത്. ഇത് 50 മുതൽ 100 പേരെ വരെ ഉൾക്കൊള്ളുംവിധം നവീകരിക്കാനാണ് പദ്ധതി. രൂപരേഖ തയാറാക്കാനുള്ള ചുമതല പൊതുമരാമത്ത് വകുപ്പിനെയാണ് ഏൽപിച്ചിരിക്കുന്നത്.
നിലവിലെ സ്ഥലങ്ങളിൽ നവീകരണത്തിെൻറ സാധ്യതകൾ പരിശോധിക്കുകയാണ് ആദ്യഘട്ടമായി അവർ ചെയ്യുന്നത്. ഗുണ്ടാനിയമം പ്രാബല്യത്തിലാക്കി ജനങ്ങളെ അന്യായമായി തടവിൽവെക്കാനുള്ള നീക്കത്തിെൻറ ഭാഗമാണ് നടപടിയെന്ന് പൊതുജനങ്ങളിൽനിന്ന് വിമർശനമുയർന്നിട്ടുണ്ട്.
ഭരണകൂട നയങ്ങൾക്കെതിരെ പ്രതിഷേധമുയർത്തുന്നവരെ രാജ്യദ്രോഹ കുറ്റത്തിലടക്കം കുടുക്കുന്ന നയമാണ് അഡ്മിനിസ്ട്രേഷൻ സ്വീകരിച്ചുവരുന്നത്. പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ജനങ്ങളെ കേസുകളിൽ കുടുക്കി അകത്താക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ നടപടിെയന്നാണ് ആക്ഷേപം.
നിലവിൽ പൊലീസ് ഐ.ജിയുടെ ചുമതല അഡ്മിനിസ്ട്രേറ്റർക്കും ജയിൽ വാർഡൻമാരുടെ ചുമതല ബ്ലോക്ക് ഡെവലപ്െമൻറ് ഓഫിസർമാർക്കുമായിരുന്നു. അഡ്മിനിസ്ട്രേറ്റർ തെൻറ വിശ്വസ്തനായ കലക്ടർക്ക് ജയിൽ ഐ.ജിയുടെ ചുമതല നൽകിയിരിക്കുന്നത് ഗൂഢ ലക്ഷ്യങ്ങളോടെയാണെന്നാണ് ദ്വീപുനിവാസികൾ കരുതുന്നത്.
കവരത്തിയിൽ പോക്സോ കേസുകളിൽ ഉൾപ്പെട്ട മൂന്ന് പ്രതികൾ മാത്രമാണ് തടവുകാരായുള്ളത്. എട്ടുവർഷം മുമ്പ് സൊമാലിയൻ കടൽക്കൊള്ളക്കാർ പിടിക്കപ്പെട്ടപ്പോഴാണ് മിനിക്കോയ് ജയിൽ തുറക്കേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.