കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ മത്സരയോട്ടം, റോഡിൽ കുറുകെയിടൽ; സ്വകാര്യ ബസ് തടഞ്ഞിട്ട് നാട്ടുകാർ
text_fieldsപേരാമ്പ്ര (കോഴിക്കോട്): കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ മത്സരയോട്ടം നടത്തുകയും റോഡിൽ കുറുകെയിടുകയും ചെയ്ത സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞിട്ടു. പേരാമ്പ്ര മാർക്കറ്റ് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിച്ച 'നഷ് വ' എന്ന സ്വകാര്യ ബസിനെയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്.
ഇന്നലെ രാത്രി 8.30നാണ് സംഭവം. കെ.എസ്.ആർ.ടി.സി ബസിനെ പിന്നിലാക്കാൻ വേണ്ടി അപകടകരമാം വിധം ക്രോസ് ഇട്ട ബസിനെയാണ് തടഞ്ഞത്. നാട്ടുകാർ കെ.എസ്.ആർ.ടി.സി ബസ് കടത്തിവിട്ട് കുറച്ച് സമയം ബസ് തടഞ്ഞു വെച്ചാണ് പ്രൈവറ്റ് ബസിനെ പോകാൻ അനുവദിച്ചത്.
വിദ്യാർഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് പാലക്കാട് വടക്കഞ്ചേരിക്കടുത്ത് കെ.എസ്.ആർടി.സി ബസിൽ പാഞ്ഞുകയറി അഞ്ച് സ്കൂൾ വിദ്യാർഥികളടക്കം ഒമ്പതുപേർ മരിച്ചതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് പേരാമ്പ്രയിലെ മത്സരയോട്ടം. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളുമായി പോയ ബസാണ് വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ടത്. ബുധനാഴ്ച അർധരാത്രി 12ഓടെ വടക്കഞ്ചേരിക്കടുത്ത് അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറയിലായിരുന്നു അപകടം.
ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വിദ്യാനികേതൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ഉദയംപേരൂർ വലിയകുളം അഞ്ജന നിവാസിൽ അഞ്ജന അജിത് (17), ആരക്കുന്നം കാഞ്ഞിരിക്കാപ്പിള്ളി ചിറ്റേത്ത് സി.എസ്. ഇമ്മാനുവൽ (17), പത്താം ക്ലാസിലെ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പോട്ടയിൽ വീട്ടിൽ ക്രിസ് വിന്‍റർബോൺ തോമസ് (15), പൈങ്ങാരപ്പിള്ളി രശ്മി നിലയത്തിൽ ദിയ രാജേഷ് (15), തിരുവാണിയൂർ വണ്ടിപ്പേട്ട ചെമ്മനാട് വെമ്പിള്ളിമറ്റത്തിൽ എൽന ജോസ് (15), കായിക അധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറയിൽ വി.കെ. വിഷ്ണു (33), കെ.എസ്.ആർ.ടി.സിയിലുണ്ടായിരുന്ന കൊല്ലം വലിയോട് ശാന്തിമന്ദിരത്തിൽ അനൂപ് (22), പുനലൂർ മണിയാർ ധന്യാഭവനിൽ യു. ദീപു (26), തൃശൂർ നടത്തറ ഗോകുലം വീട്ടിൽ ആർ. രോഹിത് രാജ് (24) എന്നിവരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.