എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് സമരം
text_fieldsകൊച്ചി: പൊലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റും സ്വകാര്യ ബസുകളെയും തൊഴിലാളികളെയും പലവിധത്തിൽ അന്യായമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് ജില്ല ബസ് ഉടമ തൊഴിലാളി സംയുക്ത സമിതി നേതൃത്വത്തിൽ ബുധനാഴ്ച പണിമുടക്ക് നടത്തും.
ഹൈകോടതി ജങ്ഷനിൽനിന്ന് കമീഷണർ ഓഫിസിലേക്ക് ബസ് ഉടമകളും തൊഴിലാളികളും രാവിലെ മാർച്ച് നടത്തും. ഇത് സൂചന സമരമാണെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ 30 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നുമാണ് ബസ് ഉടമകൾ പറയുന്നത്.
പൊലീസും മോട്ടോർ വാഹന വകുപ്പും സ്വകാര്യ ബസുകളെയും തൊഴിലാളികളെയും പലവിധത്തിൽ പീഡിപ്പിക്കുകയാണെന്ന് ജില്ല ബസ് ഉടമ തൊഴിലാളി സംയുക്ത സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ഹൈകോടതി നിർദേശം ഉള്ളതിനാലാണ് ഇത്തരത്തിൽ കേസെടുക്കുന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കുറ്റംചെയ്യുന്ന തൊഴിലാളികളെ ശിക്ഷിക്കുന്നതിൽ തങ്ങൾ എതിരല്ലെന്നും എന്നാൽ, ടാർഗറ്റ് പൂർത്തിയാക്കാനെന്നപേരിലാണ് വ്യാപകമായി ഉപദ്രവിക്കുന്നതെന്നും ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഏതെങ്കിലും അപകടത്തിന്റെ പേരുപറഞ്ഞ് ആ മേഖലയിലെ സ്വകാര്യ ബസുകളെയും തൊഴിലാളികളെയും കുട്ടമായി ശിക്ഷിക്കുന്ന നടപടി അന്യായമാണ്. ഒരു ബസിലെ തൊഴിലാളികൾക്ക് ഒരുദിവസം പല സ്ഥലങ്ങളിലായി രണ്ടും മൂന്നും കേസുകൾ എടുക്കുന്നു. ചില ഉദ്യോഗസ്ഥർ മോശമായാണ് പെരുമാറുന്നത്. പനങ്ങാട് സബ് ഇൻസ്പെക്ടർ തൊഴിലാളികളെ ദേഹോപദ്രവം ഏൽപിക്കുകയും യാത്രക്കാരെയും വിദ്യാർഥികളെയും റോഡിലിറക്കി ബസ് സ്റ്റേഷനിൽ പിടിച്ചിടുന്നതും പതിവാണ്. പല സ്റ്റേഷനിലും നിസ്സാര കുറ്റങ്ങൾക്കുപോലും ബസുകളെ കോടതിയിൽ ഹാജരാക്കുന്നു. പല ദിവസങ്ങളിലും സർവിസ് നടത്താൻ പറ്റാത്ത സ്ഥിതിയാണെന്നും ഉടമകൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.