സ്വകാര്യ ബസ് സമരം പിൻവലിച്ചു; നവംബർ 18നകം പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി
text_fieldsകോട്ടയം: സംസ്ഥാനത്ത് ചൊവ്വാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആൻറണി രാജുവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ നവംബർ 18നകം തീരുമാനമെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ സമരം പിൻവലിക്കണമെന്ന സർക്കാർ നിർദേശം ബസുടമകൾ അംഗീകരിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി പത്തിന് കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ച രണ്ടു മണിക്കൂർ നീണ്ടു. മിനിമം ചാർജ് പത്ത് രൂപയിൽനിന്ന് 12 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ ആറ് രൂപയാക്കി ഉയർത്തുക, ഡീസൽ സബ്സിഡി അനുവദിക്കുക, കിലോമീറ്ററിന് 90 പൈസയെന്നത് ഒരു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉടമകൾ സമരത്തിന് ആഹ്വാനം ചെയ്തത്.
ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്തുവെന്നും സർക്കാർ സഹായകരമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു. നവംബർ 18നകം തുടർ ചർച്ചകൾ നടത്താനും തീരുമാനമായിട്ടുണ്ട്.
ബസ് ഓപ്പറേറ്റേഴ്സ് സംഘടന പ്രതിനിധികളായ ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.